Advertisement

ഗോകുലം ഗോപാലന് ഇന്ന് എൺപതാം പിറന്നാൾ

July 23, 2024
Google News 2 minutes Read

വ്യവസായ പ്രമുഖനും ഫ്‌ളവേഴ്‌സ് ചെയർമാനുമായ ഗോകുലം ഗോപാലന് ഇന്ന് എൺപതാം പിറന്നാൾ. ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തെ നയിക്കുമ്പോഴും മനുഷ്യസ്‌നേഹത്തിന്റെയും എളിമയുടേയും പ്രതീകമായാണ് ഗോകുലം ഗോപാലൻ അറിയപ്പെടുന്നത്.

ലക്ഷ്യം മുന്നിൽക്കണ്ട് അതിനായി ആത്മാർപ്പണം ചെയ്ത് പ്രവർത്തിക്കുന്ന, എണ്ണംപറഞ്ഞ കർമ്മധീരന്മാരിലൊരാളാണ് ഗോകുലം ഗോപാലൻ. അരനൂറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തും ബിസിനസ്-വ്യവസായ സംരംഭങ്ങളിലും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച, വിശ്വാസത്തിന്റെ പേരാണ് ഇന്ന് ഗോകുലം ഗോപാലൻ. ഫ്‌ളവേഴ്‌സ് ചെയർമാനായ ഗോകുലം ഗോപാലൻ ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയർമാനുമാണ്.

കോഴിക്കോട് വടകരയിൽ 1944 ജൂലൈ 23-ന് ചാത്തു- മാതു ദമ്പതികളുടെ മകനായി ജനിച്ച എ എം ഗോപാലൻ, ഗോകുലം ഗോപാലൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. കഠിനാധ്വാനം കൊണ്ടും ആത്മസമർപ്പണം കൊണ്ടും ഗോകുലം ഗോപാലൻ വെട്ടിത്തെളിച്ച വിജയ വഴികളിൽ മറ്റുള്ളവർക്കുള്ള ജീവിതപാഠങ്ങൾ പലതുമുണ്ട്. അച്ഛൻ നടത്തിയിരുന്ന ചിട്ടി ബിസിനസിന്റെ കണക്കെഴുത്തു ജോലികൾ ചെയ്തതാണ് ഗോപാലന് പിൽക്കാലത്ത് തന്റെ ആദ്യ ബിസിനസ് സംരംഭമായി ചിട്ടി ആരംഭിക്കുന്നതിന് പ്രചോദനമായത്.

1968 -ൽ ചെന്നൈയിൽ ആരംഭിച്ച ശ്രീഗോകുലം ചിറ്റ്‌സ് അൻഡ് ഫൈനാൻസ് പിൽക്കാലത്ത് കമ്പനി വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പല മേഖലകളിലേക്കും വളർന്നു. ബിസിനസ്, ഹോസ്പിറ്റാലിറ്റി, വിനോദം, ടൂറിസം, മാധ്യമം, വിദ്യാഭ്യാസം, ലോജിസ്റ്റിക്, സിനിമ തുടങ്ങി നിരവധി മേഖലകളിൽ ഇന്ന് ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാന്നിധ്യമുണ്ട്. തന്റെ ജന്മദിനം സ്റ്റാഫ് ഡേ ആയാണ് ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ആചരിക്കുന്നതെന്ന് ഗോകുലം ഗോപാലൻ പറയുന്നു.

വലിയ ബിസിനസ് സാമ്രാജ്യത്തെ നയിക്കുമ്പോഴും മനുഷ്യസ്‌നേഹത്തിന്റെയും എളിമയുടേയും പ്രതീകമായാണ് ഗോകുലം ഗോപാലൻ അറിയപ്പെടുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് ആ കർമ്മയോഗി. എൺപതിന്റെ നിറവിലും കർമ്മോത്സുകനായി മുന്നോട്ടുള്ള യാത്ര തുടരുകയാണ് ആ സ്ഥിരോൽസാഹി. അർപ്പണബോധവും സാമൂഹ്യനന്മയ്ക്കായുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ആ യാത്രയ്ക്ക് ഊർജം പകരുന്നത്.

Story Highlights : Gokulam Gopalan’s 80th birthday today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here