കേരളം എന്ന വാക്ക് പോലുമില്ലാത്ത കേന്ദ്ര ബജറ്റ്

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഉണ്ടായത് കനത്ത നിരാശ. ലോക്സഭയിൽ ആദ്യമായി ബി.ജെ.പിക്ക് സീറ്റ് ലഭിച്ചതു കാരണമെങ്കിലും കേരളത്തിന് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സംസ്ഥാനത്ത് നിന്ന് രണ്ട് സഹമന്ത്രിമാരുണ്ടായിട്ടും കേന്ദ്രം പരിഗണിച്ചില്ല. കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തിന് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിച്ചതുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സില്‍വര്‍ ലൈൻ, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി, കോഴിക്കോട്- വയനാട് തുരങ്കപാതയ്ക്ക് 5,000 കോടിയുടെ പാക്കേജ് എന്നിവയെല്ലാം കേരളത്തിന്റെ ആവശ്യങ്ങൾ ആയിരുന്നെങ്കിലും ഒന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.
സംസ്ഥാനത്തെ സംബന്ധിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കൂടി സഹായം ലഭിച്ചേ മതിയാകൂ. മറ്റൊന്ന് നേരത്തെ തന്നെ സ്ഥലം നിർദ്ദേശിച്ച് കാത്തിരിക്കുന്ന എയിംസ് പദ്ധതിയായിരുന്നു. ഇതു രണ്ടിലും കേരളത്തെ പരിഗണിച്ചില്ല. ബിഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചു. ഈ ബജറ്റിൽ കൂടുതൽ പദ്ധതികൾ ലഭിച്ചതും ഈ സംസ്ഥാനങ്ങൾക്കാണ്. വിനോദസഞ്ചാര രംഗത്തായിരുന്നു ധനമന്ത്രിയുടെ ബജറ്റിലെ വമ്പൻ പദ്ധതികളുടെ നീണ്ടനിരയുണ്ടായിരുന്നത്. എങ്കിലും അവയെല്ലാം ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അവിടെയും കേരളത്തിന് കാര്യമായി ഒന്നും ലഭിച്ചില്ല.
Read Also: ചന്ദ്രബാബു നായിഡു ചോദിച്ചു, കേന്ദ്രം കൈനിറയെ നൽകി
ദക്ഷിണേന്ത്യയിൽ പലയിടത്തായി വ്യവസായി ഇടനാഴികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെയൊന്നും കേരളത്തിന് യാതൊന്നും ലഭിച്ചില്ല. ആന്ധ്ര, കർണാടക സംസ്ഥാനങ്ങൾക്ക് ഇത്തരം പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ചു. ധനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക വ്യവസായ ഇടനാഴികളിലും കേരളത്തിന് നിരാശയായിരുന്നു ഫലം.പ്രളയ ദുരന്തം നേരിടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും പട്ടികയിൽ കേരളമുണ്ടായിരുന്നില്ല. ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ബീഹാറിന് 11500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. ഇതു കൂടാതെ ബിഹാറിലെ ഹൈവേകൾക്ക് 26,000 കോടിയും അനുവദിച്ചു.
ബജറ്റിന് മുന്നോടിയായി നടന്ന ചർച്ചയിൽ മന്ത്രി കെഎൻ ബാലഗോപാൽ ഡൽഹിക്കു പോവുകയും ധനമന്ത്രിയെ നേരിൽ കണ്ട് കേരളത്തിൻ്റെ ആവശ്യങ്ങൾ വ്യക്തമാക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ പതിവുപോലെ കേരളത്തിൻ്റെ ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.
Story Highlights : Union Budget and Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here