ഖത്തർ രാജകുടുംബവുമായി ബന്ധപ്പെടാൻ രാജ്യസഭാ എംപി പ്രഫുൽ പട്ടേലായി ആൾമാറാട്ടം; മുംബൈ സ്വദേശി അറസ്റ്റിൽ

മുംബൈ: ഖത്തറിലെ രാജകുടുംബവുമായി ബന്ധപ്പെടാൻ എൻസിപിയുടെ രാജ്യസഭാ എംപി പ്രഫുൽ പട്ടേലായി ആൾമാറാട്ടം നടത്തിയ മുംബൈ നിവാസി അറസ്റ്റിൽ. ബിസിനസ് അവസരങ്ങൾക്ക് സഹായം തേടാൻ ഖത്തറിലെ രാജകുടുംബത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റിന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് മഹാരാഷ്ട്ര സ്റ്റേറ്റ് സൈബർ സെൽ ഇയാളെ പിടികൂടിയത്. മുംബൈയിലെ ജുഹു നിവാസിയായ രവികാന്ത് (35) ആണ് പിടിയിലായത്. (Impersonates Rajya Sabha MP Praful Patel to contact Qatari royal family)
ആൽമാറാട്ടം നടത്തിയതിനും, ആശയവിനിമയത്തിന് വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ എം.പിയുടെ ചിത്രം ഉപയോഗിച്ചതിനും ഐഡന്റിറ്റി മോഷ്ടിച്ച കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജൂലൈ 23 ന് പട്ടേലിന്റെ ഓഫീസിൽ നിന്ന് വിവേക് അഗ്നിഹോത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു
അധികൃതരുടെ ചോദ്യം ചെയ്യലിൽ പണം തട്ടിയെടുക്കലല്ല അയാളുടെ ലക്ഷ്യമെന്ന് മനസ്സിലായി. ബിസിനസ്സ് അവസരങ്ങൾ നേടാൻ എന്ന ഉദ്ദേശ്യത്തോടെയാണ് ഖത്തർ രാജകുടുംബവുമായി ആശയവിനിമയം നടത്താൻ ആഗ്രഹിച്ചിരുന്നത് എന്ന് തെളിഞ്ഞു. രോഗിയായ അമ്മയുടെ ചികിത്സാ ചിലവുകൾക്ക് പണം ആവശ്യമായിരുന്നു. എന്നാൽ, ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കുക മാത്രമാണോ രവികാന്തിന്റെ ഉദ്ദേശമെന്നും, ഭാവിയിൽ പണം തട്ടിയെടുക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നുവോ എന്നും സൈബർ പോലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. ഐഡന്റിറ്റി മോഷണത്തിന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 66 (ഡി) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ഉന്നത വ്യവസായികളുടെയും ഉദ്യോഗസ്ഥരുടെയും കോൺടാക്റ്റ് വിവരങ്ങൾ 500 രൂപയ്ക്ക് നൽകുന്ന ഒരു വെബ്‌സൈറ്റ് രവികാന്ത് കണ്ടെത്തുകയായിരുന്നു. ഇതിലൂടെ ഓൺലൈൻ പേയ്‌മെന്റ് നടത്തി ഖത്തർ രാജകുടുംബത്തിന്റെ ഓഫീസ് കോൺടാക്റ്റ് വിവരങ്ങൾ കയ്യിലാക്കി.. തന്റെ പിതാവ് സ്ഥാപിച്ച ഹോട്ടൽ ബിസിനസ്സ് നോക്കി നടത്താൻ പിതാവിന്റെ മരണശേഷം രവികാന്തിന് കഴിയാതെ വരികയും അത് നഷ്ടത്തിലാവുകയും ചെയ്തിരുന്നു.
ജൂലൈ 20ന് ഖത്തർ രാജകുടുംബത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റിൽ നിന്ന് ലഭിച്ച സംശയാസ്പദമായ സന്ദേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി സന്ദേശം ലഭിച്ചപ്പോഴാണ് തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് പട്ടേലിന് ബോധ്യപ്പെട്ടത്. സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ യശസ്വി യാദവിന്റെ മേൽനോട്ടത്തിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സഞ്ജയ് ഷിന്ത്രെയും ഇൻസ്‌പെക്ടർ അഭിജിത് സോനവാനെയും അടങ്ങുന്ന സ്റ്റേറ്റ് സൈബർ സെൽ ടീം, പട്ടേലിന്റെ ഫോട്ടോ പ്രദർശിപ്പിച്ചിരുന്ന കാന്ത് ഉപയോഗിച്ചിരുന്ന നമ്പർ കണ്ടെത്തി.
Story Highlights : Impersonates Rajya Sabha MP Praful Patel to contact Qatari royal family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here