Advertisement

യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു; വിടപറഞ്ഞത് ഗൂഗിളിനൊപ്പം തുടക്കം മുതൽ യാത്ര തുടങ്ങിയ അംഗം

August 10, 2024
Google News 2 minutes Read

ൊകാലിഫോര്‍ണിയ: യൂട്യൂബിന്‍റെ മുന്‍ സിഇഒ സൂസന്‍ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. 2015ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനം ചൊലുത്തുന്ന 100 വ്യക്തികളില്‍ ഒരാളായി സൂസന്‍ വൊജിസ്‌കിയെ തെരഞ്ഞെടുത്തിരുന്നു. ഇൻ്റർനെറ്റ് ലോകത്തെ ഏറ്റവും കരുത്തയായ വനിതയെന്നാണ് അവർ അറിയപ്പെട്ടിരുന്നത്. ഗൂഗിളിനെ സംബന്ധിച്ച് ഏറ്റവും ദുഖകരമായ വാർത്തയാണ് സൂസൻ്റെ വിയോഗം.

സൂസൻ്റെ വീട്ടിലായിരുന്നു ഗൂഗിളിൻ്റെ പിറവി. ഇവരുടെ വീടിൻ്റെ ബേസ്മെൻ്റ് വാടകക്കെടുത്താണ് ലാറി പേജും സർജി ബ്രിന്നും തങ്ങളുടെ സ്റ്റാർട്ടപ്പ് കമ്പനിയുടെ പ്രവർത്തനം ആരംഭിച്ചത്. ഗൂഗിളിൽ ജീവനക്കാരിയായി ജോയിൻ ചെയ്യും മുൻപ് ഇൻ്റൽ കോർപറേഷനിൽ മാർക്കറ്റിങ് മാനേജറായിരുന്നു സൂസൻ. പിന്നീട് ഗൂഗിളിൻ്റെ പ്രഥമ മാർക്കറ്റിങ് മാനേജറായി.

ഗൂഗിളിലെ മാര്‍ക്കറ്റിംഗിനൊപ്പം ലോഗോ ഡിസൈന്‍, ഗൂഗിള്‍ ഇമേജ് സെര്‍ച്ച് സ്ഥാപനം എന്നിവയുടെയും ഭാഗമായി. ഗൂഗിളിന്‍റെ അഡ്വടൈസിംഗ് ആന്‍ഡ് കൊമേഴ്‌സ് വിഭാഗത്തിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായിരുന്നു. ആഡ്‌വേഡ്‌സ്, ആഡ്‌സെന്‍സ്, ഡബിള്‍ക്ലിക്ക്, ഗൂഗിള്‍ അനലിറ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലക്കാരി കൂടിയായിരുന്നു സൂസന്‍ വൊജിസ്‌കി.

ഇതിനിടെ വൻ പ്രചാരം നേടി മുന്നേറിയ യൂട്യൂബിനെ ഏറ്റെടുക്കാനുള്ള ബുദ്ധി ഉപദേശിച്ചത് സൂസനായിരുന്നു. 2006ല്‍ 1.65 ബില്യണ്‍ യുഎസ് ഡോളറിന്‍റെതായിരുന്നു ഈ ഏറ്റെടുക്കല്‍. യൂട്യൂബിന്‍റെ സിഇഒയായി 2014 മുതല്‍ 2023 വരെ പ്രവര്‍ത്തിച്ചതാണ് സൂസന്‍ വൊജിസ്‌കിയുടെ ടെക് കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാനം. യൂട്യൂബിലേക്ക് ഏറെ ഉപഭോക്താക്കളെ ആകര്‍ഷിച്ച സിഇഒയായ സൂസന്‍, പ്ലാറ്റ്ഫോമിലെ നിയമങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുകയും ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചു. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, യൂട്യൂബ് ഷോര്‍ട്‌സ് എന്നിവ ആരംഭിച്ചത് യൂട്യൂബില്‍ സൂസന്‍ വൊജിസ്‌കി സിഇഒയുടെ ചുമതലയില്‍ ആയിരിക്കുമ്പോഴായിരുന്നു. രോഗം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ചുമതലകളിൽ നിന്ന് അവർ മാറിയത്.

പ്രിയ സുഹൃത്തായ സൂസന്‍ വൊജിസ്‌കിയുടെ വേര്‍പാട് അവിശ്വസനീയെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രതികരിച്ചു. ഗൂഗിളിന്‍റെ ചരിത്രത്തിലെ പ്രധാനികളിലൊരാളാണ് സൂസന്‍. സൂസനില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാനാവില്ല. എനിക്ക് സൂസന്‍ അവിശ്വസനീയമായ ഒരു വ്യക്തിയും നേതാവും സുഹൃത്തുമായിരുന്നു. ലോകത്തെ ഏറെ സ്വാധീനം ചൊലുത്തിയ സൂസന്‍ വിജിഡ്‌സ്‌കിയെ ഏറെയറിയുന്ന എണ്ണമറ്റവരില്‍ ഒരാളാണ് ഞാനും. സൂസന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.

Story Highlights : Former YouTube CEO Susan Wojcicki dies after battling cancer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here