അമ്പരന്ന് ഇന്ത്യ മുന്നണിയും ജെഎംഎമ്മും; ചംപായ് സോറൻ ഡൽഹിയിൽ; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ജാർഖണ്ഡിൽ രാഷ്ട്രീയ ചുവടുമാറ്റത്തിന് നീക്കം. ഇന്ത്യ സഖ്യം ഭരിക്കുന്ന സംസ്ഥാനത്ത് പ്രധാന ഭരണ കക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപായ് സോറൻ ബി.ജെ.പിയിലേക്ക് പോകുമെന്നാണ് അഭ്യൂഹം. ഇഡി കേസിൽ ജയിലിലായപ്പോൾ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറൻ സ്ഥാനം ചംപായ് സോറനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ജയിൽവാസം കഴിഞ്ഞ് തിരികെ വന്നപ്പോൾ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മിൽ അകന്നത് എന്നാണ് ഇപ്പോൾ വരുന്ന വിവരം.
ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളത്. ഹേമന്ത് സോറന്‍ സര്‍ക്കാരിനും ജെഎംഎമ്മിനും വന്‍ ഭീഷണി ഉയർത്തിയാണ് ചംപായ് സോറൻ്റെ നീക്കം. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് ചംപായ് സോറനെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ചമ്പായ് സോറന്‍ കൊല്‍ക്കത്തയിലെത്തി ബിജെപി നേതാവ് സുവേന്ദു അധികാരിയേയും കണ്ട ശേഷമാണ് ഡൽഹിയിലെത്തിയത്.
ആറ് എംഎൽഎമാരും ചംപായ് സോറനൊപ്പം ദില്ലിയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം അനുയായികളുമായി ദില്ലിയില്‍ തുടര്‍ന്ന് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്താനാണ് ഇദ്ദേഹത്തിൻ്റെ തീരുമാനം. ഇപ്പോള്‍ എവിടെയാണോ അവിടെയാണെന്നും നീക്കം എന്താണെന്ന് പറയാനാവില്ലെന്നുമാണ് ദില്ലി വിമാനത്താവളത്തില്‍ ചംപായ് സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം മറുവശത്ത് ഹേമന്ത് സോറന്‍ ക്യാമ്പ് പരിഭ്രാന്തിയിലാണ്. കൂടുതല്‍ എംഎല്‍എമാര് ചമ്പായ് സോറനൊപ്പം നീങ്ങിയേക്കുമെന്ന് അഭ്യഹമുണ്ട്. 81 അംഗ നിയമസഭയില്‍ ജെഎംഎം ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് 45 അംഗങ്ങളാണുള്ളത്. എന്‍ഡിഎക്ക് 30 ഉം. 26 അംഗങ്ങളാണ് ജെഎംഎമ്മിനൊപ്പമുള്ളത്. ഇതിൽ ആറ് പേരുമായാണ് ചംപായ് സോറൽ ഡൽഹിയിലെത്തിയതെന്നാണ് വിവരം.
Story Highlights : Champai Soren lands in Delhi amid BJP switch buzz cites personal reason
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here