Advertisement

‘ഹേമ കമ്മിറ്റി റിപ്പോർട്ട് 4 വർഷം സർക്കാർ പൂഴ്ത്തിവെച്ചു, നട്ടെല്ലുള്ള പെണ്ണുങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടു’; ഹരീഷ് പേരടി

August 20, 2024
Google News 1 minute Read

ഹേമ കമ്മിറ്റി റിപ്പോർട്ട് നാലുവർഷം സർക്കാർ പൂഴ്ത്തിവെച്ചുവെന്ന് നടൻ ഹരീഷ് പേരടി. നട്ടെല്ലുള്ള ചില പെണ്ണുങ്ങൾ നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടുവെന്നും ഹരീഷ് പേരടി പറഞ്ഞു. റിപ്പോർട്ടിനുമേൽ നടപടി എടുത്താലേ ഈ സർക്കാർ ഇടതുപക്ഷ സർക്കാരാകൂ. തുറന്നുപറച്ചിലിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെടും എന്ന ഭയമില്ലെന്ന് പറഞ്ഞ ഹരീഷ് പേരടി അങ്ങനെ നഷ്ടപ്പെട്ടാൽ ചങ്കൂറ്റത്തോടെ നേരിടുമെന്നും ഈ രീതിയിൽ അവസരങ്ങൾ നിഷേധിച്ചവരെ കൂടെ കൂട്ടി സിനിമ ചെയ്യുമെന്നും പ്രതികരിച്ചു.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി പറഞ്ഞു. മൊഴി കൊടുത്ത സ്ത്രീകളും പുരുഷന്മാരുമായ എല്ലാവരുടേയും സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രേവതി പറഞ്ഞു. സ്വകാര്യത മാനിക്കപ്പെടുമെന്ന് കരുതി തന്നെയാകും പലരും മൊഴി കൊടുത്തിട്ടുണ്ടാകുക. ആര്‍ക്കെങ്കിലുമെതിരെ ഭീഷണി വരാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയല്ല റിപ്പോര്‍ട്ടെന്നും രേവതി ട്വന്റിഫോറിനോട് പറഞ്ഞു.

തുടര്‍ നടപടികളെക്കുറിച്ച് കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കേണ്ടതാണെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയെക്കുറിച്ച് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ടാണ്. ആ നിലയ്ക്ക് ഇതിനെ കാണണം. ആര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാകുമോയെന്ന് അറിയില്ല. ഭാവിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആലോചിക്കാന്‍ സഹായിക്കുന്ന പഠന റിപ്പോര്‍ട്ടായി ഇതിനെ പരിഗണിക്കണമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കും. പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. ഇരയാക്കപ്പെട്ടവരെ കുറിച്ച് ഞങ്ങൾക്ക് മുന്നിൽ പരാതി വന്നിട്ടില്ല. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നടപടികളിലേക്ക് പോകും. റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെ. കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. പുറത്ത് വിടാത്ത ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകുമെന്നും ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മന്ത്രി പ്രതികരിച്ചു.

Story Highlights : Actor Hareesh Peradi react Hema committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here