‘മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നു’: ശശി തരൂർ
ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ.റിപ്പോർട്ട് ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുമെന്നും സർക്കാർ നിലപാടെടുക്കാൻ വൈകിയത് ക്ഷമിക്കാൻ പറ്റുന്നതല്ലെന്നും തരൂർ പറഞ്ഞു.
മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്പേര് സങ്കടകരമാണ്. സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകണം. റിപ്പോർട്ട് എന്തുകൊണ്ടാണ് സർക്കാർ അഞ്ചുവർഷം പിടിച്ചുവെച്ചതെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായ സാമൂഹിക സാഹചര്യമല്ല നിലനിൽക്കുന്നത്. വിഷയത്തിൽ നിലപാടെടുക്കാൻ സർക്കാർ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടാകുമ്പോൾ പരാതിയുടെ ആവശ്യമില്ലെന്നും തുടർ നിയമ നടപടി വേണമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടല്ലോ. പിന്നെ എന്തിനാണ് വീണ്ടും പരാതിയെന്നും തരൂർ ചോദിച്ചു.
Story Highlights : Sashi Tharoor on Hema Committie Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here