Advertisement

‘റോൾ ഇല്ലെന്ന് പറഞ്ഞു, നടിയോട് മോശമായി പെരുമാറിയിട്ടില്ല’; ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്

August 23, 2024
2 minutes Read

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. 15 വർഷം മുമ്പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓർക്കുന്നുണ്ട്.
ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിച്ചിരുന്നില്ല. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് രഞ്ജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ആരുടെ ബുദ്ധിയും കുബുദ്ധിയും ആണെന്ന് എനിക്കറിയില്ല. ആർക്കാണ് ഇതില്‍ ഗൂഢോദ്ദേശ്യം ഉള്ളതെന്ന് അറിയില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

രഞ്ജിത്തിന്റെ വാക്കുകൾ

‘എറണാകുളത്ത് എന്റെ ഫ്ലാറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. ഒപ്പം ശങ്കർ രാമകൃഷ്ണനും രണ്ട് അസിസ്റ്റന്റ്സും ഉണ്ടായിരുന്നു. ശങ്കർ രാമകൃഷ്ണനാണ് ശ്രീലേഖ മിത്രയോട് കഥ പറയുന്നത്. കഥ കേട്ട് നടി എക്സൈറ്റഡ് ആയി. ഏത് കഥാപാത്രം കൊടുക്കണമെന്ന ആശയക്കുഴപ്പം ആദ്യം എനിക്കുണ്ടായി. പീന്നീട് ശ്രീലേഖ മിത്ര വേണ്ടെന്ന് തീരുമാനിച്ചു, ഇക്കാര്യം ശങ്കറിനോട് നടിയെ അറിയക്കാനാവശ്യപ്പെട്ടു. നടീനടന്മാരോട് ഒറ്റയടിയ്ക്ക് റോളില്ല എന്ന് പറയുന്നത് എന്റെ രീതിയല്ല. സിനിമയില്‍ റോളില്ലെന്ന അറിയിച്ച ശങ്കർ രാമകൃഷ്ണനോട് കോപാകുലയായാണ് നടി പ്രതികരിച്ചത്. റോളില്ലെങ്കില്‍ എന്തിനാണ് വിളിച്ചതെന്ന് ശ്രീലേഖ മിത്ര ശങ്കറിനോട് ചോദിച്ചു. ചീരുവിന്റേയോ മകളുടേയോ റോളിലേക്ക് പരിഗണിക്കാനാവില്ലെന്ന് സംവിധായകന്‍ അറിയിച്ചുവെന്ന് ശങ്കർ മറുപടി പറഞ്ഞു. ഇത് അന്ന് അവസാനിച്ചതാണ്. പിന്നീട് ഞാനും ശ്രീലേഖ മിത്രയുമായി ഒരു കമ്മ്യൂണിക്കേഷനും ഉണ്ടായിട്ടില്ല,നേരത്തേയും ഉണ്ടായിരുന്നില്ല. അവരുടെ വളകളില്‍ തൊട്ടു,മുടികളില്‍ തൊട്ടു എന്നൊക്കെ പറയുന്നത് കൂട്ടിച്ചേർത്തതാണ്.

ആരുടെ ബുദ്ധിയും കുബുദ്ധിയും ആണെന്ന് എനിക്കറിയില്ല. 15 വർഷം മുമ്പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓർക്കുന്നുണ്ട്. അവിടെ ശങ്കറും എന്റെ മറ്റു അസിസ്റ്റന്റ്സും താമസിക്കുന്നുണ്ട്. വളരെ ഓപ്പണായി നടക്കുന്ന സ്ഥലത്ത് നടന്ന കാര്യങ്ങളാണ്. കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ല. ആർക്കാണ് ഇതില്‍ ഗൂഢോദ്ദേശ്യം ഉള്ളതെന്ന് എനിക്ക് അറിയില്ല. ഞാന്‍ അത് അന്വേഷിച്ച് പോകുന്നുമില്ല.
എത്രദൂരം ഈ പരാതിയുമായി അവർ മുന്നോട്ടുപോകുമെന്ന് നോക്കാം. അവർ എവിടെ പരാതിപ്പെട്ടാലും എന്നെ കേള്‍ക്കുന്ന അവസരമുണ്ടാകുമല്ലോ. എനിക്ക് പറയാനുള്ളത് ഞാന്‍ പറയുകയും ചെയ്യും.’

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights : Director ranjith denied bengali actress Sreelekha Mitra allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top