രഞ്ജിത്തിനെതിരായ പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും: നിലപാട് പറഞ്ഞ് ആഷിഖ് അബു
സംവിധായകന്‍ രഞ്ജിത്തിന് മോശമായി പെരുമാറിയെന്ന പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടി ശ്രീലേഖ മിത്രയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. കേസ് നടത്താനോ കേരളത്തിലേക്ക് വരാനോ തന്റെ നിലവിലെ സാഹചര്യത്തില്‍ സഹായം ആവശ്യമാണെന്ന് നടി പറഞ്ഞതിന് പിന്നാലെയാണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്. ട്വന്റിഫോറിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരില്‍ നിന്നും നടിയ്ക്ക് പിന്തുണ ലഭിക്കുമെന്നും അതിനായി സമൂഹം സമ്മര്‍ദം ചെലുത്തുമെന്നും താന്‍ വിശ്വസിക്കുന്നതായും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. ( aashiq abu support bengali actress allegation against renjith)
പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കൂ എന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന നിരാശയുണ്ടാക്കിയെന്ന് ആഷിഖ് അബു പറഞ്ഞു. നല്ല ഉദ്ദേശത്തോടെ തുടങ്ങിയ ഒന്ന് സര്‍ക്കാരിനെതിരെ വലിയ കുഴിയായി രൂപപ്പെടാന്‍ ഇടയാക്കിയത് ആരെന്ന് കണ്ടെത്തണം. ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണോ അതെന്ന് അറിയില്ല. സര്‍ക്കാര്‍ ബുദ്ധിശൂന്യത കാണിക്കരുത്. സര്‍ക്കാര്‍ മുഴുവന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു.
നടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഓണ്‍ ദി റെക്കോര്‍ഡായി പറഞ്ഞ കാര്യങ്ങളാണ് ഇതെന്നും നടപടിയുണ്ടാകുമെന്നാണ് വിശ്വാസമെന്നും ആഷിഖ് അബു പറഞ്ഞു. മുന്‍പ് ആര് എപ്പോള്‍ എവിടെ എന്നായിരുന്നു ചോദ്യം. നടിയുടെ വെളിപ്പെടുത്തലില്‍ ഇതെല്ലാം വ്യക്തമാണല്ലോ. ആരോപണം ഉന്നയിച്ച ശേഷം ഒളിച്ചിരിക്കാന്‍ അവര്‍ തയാറാല്ല. അവരൊരു മാര്‍ക്‌സിസ്റ്റ് അനുഭാവിയും ആക്ടിവിസ്റ്റുമാണ്. അവര്‍ പരാതിയുമായി മുന്നോട്ടുവരും. അതിന് വ്യക്തിപരമായി താനും പിന്തുണ നല്‍കുമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
Story Highlights : aashiq abu support bengali actress allegation against renjith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here