‘പവർ ഗ്രൂപ്പില്ല, രഞ്ജിത്ത് രാജിവെക്കണമെന്ന് പറയില്ല, അന്വേഷിക്കട്ടെ’; മുകേഷ്
കലാരംഗത്തുള്ള സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നടനും എൽഎയുമായ മുകേഷ്. പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ല.
സിനിമയിൽ പവർ ഗ്രൂപ്പ് വരാൻ ഇടയില്ലെന്നും അങ്ങനെ വന്നാൽ സിനിമ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പറ്റിയ റോളുകൾ തന്നെ തേടി വരുകയാണ് ഉണ്ടായിട്ടുള്ളത്. എല്ലാം കഴിവിൻ്റെ അടിസ്ഥാനത്തിൽ. താനും കലാകുടുംബത്തിൽ നിന്നാണ് വന്നത്. തൻ്റെ സഹോദരിമാരും കലാകാരികളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്തിൻ്റെ വിഷയം പരിശോധിക്കട്ടെ. രാജിവെക്കണമെന്ന് താൻ പറയുന്നില്ല. പരാതിയുമായി തൻ്റെ മുന്നിൽ ആരും അടുത്ത കാലത്ത് വന്നിട്ടില്ല. കേസെടുത്ത് കഴിഞ്ഞ് പരാതി ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.
പുറത്ത് വന്ന കാര്യങ്ങളിൽ ഗവൺമെൻ്റ് ഇടപെടുമെന്നാണ് കരുതുന്നത്.
എന്തേലും ഉണ്ടേൽ വ്യക്തത വരുത്തി അവസാനിപ്പിക്കേണ്ടതാണ്. എല്ലാ ദിവസവും ആരോപണങ്ങളാണെന്നും മുകേഷ് പറഞ്ഞു. രഞ്ജിത്ത് രാജിവെച്ച് അന്വേഷണം നേരിടേണ്ടതല്ലേയെന്ന ചോദ്യത്തിന് അത് ഓരോരുത്തരുടെ ആത്മവിശ്വാസമാണെന്നും അവർ തീരുമാനിക്കട്ടെയെന്നും മുകേഷ് വ്യക്തമാക്കി .
അതേസമയം ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
Story Highlights : Actor Mukesh react Hema Committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here