നടപടിയില്ല; സംവിധായകന്‍ കതകില്‍ മുട്ടിയെന്ന് മൊഴി നല്‍കിയ നടി വീണ്ടും പരാതി നല്‍കി
സംവിധായകന്‍ കതകില്‍ മുട്ടിയെന്ന് മൊഴി നല്‍കിയ നടി വീണ്ടും പരാതി നല്‍കി. ഇ- മെയില്‍ മുഖേന ‘അമ്മ’ പ്രസിഡന്റിനും ജനറല്‍ബോഡിക്കുമാണ് പരാതി നല്‍കിയത്. നടപടി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും പരാതി. 2018 ഒക്ടോബറിലാണ് നടി ആദ്യം പരാതി നല്‍കിയത്.
ഇന്നലെ അമ്മയുടെ ഭാരവാഹികളോട് ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ അന്നത് ശ്രദ്ധയില്‍പ്പെട്ടില്ല, ഇനി പരിശോധിക്കാം എന്നായിരുന്നു മറുപടി. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി കൂടിയായ നടന്‍ സിദ്ധിക്കാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ‘അമ്മ’യുടെ മുന്നില്‍ വന്നിട്ടുള്ള പരാതികളെല്ലാം കൃത്യമായി പരിഗണിക്കാറും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാറുമുണ്ട്, ആരും തന്നെ ‘അമ്മ’യ്ക്ക് മുന്‍പാകെ ഇതുവരെ എന്തെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടില്ല എന്ന തരത്തിലുള്ള പ്രതികരണമാണ് ഇന്നലെ നടത്തിയത്. എന്തെങ്കിലും വിഷമം സംഘടനയില്‍പെട്ട ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ 2006ല്‍ ഉണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ട് 2018ല്‍ നടി നല്‍കിയ പരാതി പരിഗണിക്കുക പോലും ചെയ്തില്ല. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു പരാതി കൂടി നടി ‘അമ്മ’ സംഘടനയ്ക്ക് നല്‍കിയത്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കൃത്യമായി അവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
Read Also: സിനിമ സംഘടനകൾ കൈവിട്ടു: ‘അമ്മ’യിൽ അംഗത്വത്തിന് അപേക്ഷ നൽകി ശ്രീനാഥ് ഭാസി
2006ല്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ഭാഗമായി ഒരു ഹോട്ടലില്‍ താമസിക്കവേ മൂന്ന് നാല് ദിവസങ്ങളില്‍ രാത്രിയാകുമ്പോള്‍ തന്റെ കതകില്‍ മുട്ടുകയായിരുന്നുവെന്ന് നടി വിശദമാക്കുന്നു. ചിത്രത്തിന്റെ സംവിധായകനാണ് ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തതെന്ന് നോക്കിയപ്പോള്‍ മനസിലായെന്നും അവര്‍ പറഞ്ഞു. അതിനു ശേഷം ഒപ്പം അഭിനയിക്കുന്നയാളോട് ഇക്കാര്യം പറയുകയും അവരുടെ മുറിയിലേക്ക് താമസം മാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് വിഷയത്തില്‍ നല്‍കിയ പരാതി പരിഗണിച്ചതുപോലുമില്ലെന്നും ഇതിന്റെ പേരില്‍ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടിയുണ്ടായി, തരാനുള്ള പണം കൃത്യമായി തന്നില്ല തുടങ്ങിയ വാദങ്ങളും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. വീണ്ടും പരാതി ലഭിച്ച സാഹചര്യത്തില്‍ ‘അമ്മ’ സംഘടനയുടെ നിലപാടാണ് ഇനി അറിയേണ്ടത്.
Story Highlights : Actress complaint against director again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here