‘മുകേഷിനെ സംരക്ഷിച്ചിട്ടില്ല: കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഉചിതമായ നടപടി; രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തുന്ന മുറവിളി അംഗീകരിക്കില്ല’; എംവി ഗോവിന്ദൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ മുകേഷിനെ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുകേഷിനെതിരെയുള്ള പരാതിയുമുണ്ട്. സർക്കാർ ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണപക്ഷത്തെ എംഎൽഎക്കെതിരെ പോലും കേസെടുത്തു മുന്നോട്ടുപോകുന്ന സർക്കാർ ആണിതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുകേഷിന്റെ രാജി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. രാജി സംബന്ധിച്ച് വ്യാപക കാമ്പയിൻ നടക്കുന്നു. കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് എതിരായി നിലവിൽ കേസ് ഉണ്ട്. ഉമ്മൻ ചാണ്ടി മുതൽ തരൂർ വരെ നിരവധി കോൺഗ്രസ് നേതാക്കളുടെ പേരിൽ പരാതി ഉയർന്നിരുന്നു. ആരും എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജി വെച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ആരോപണം ഉയർന്നെങ്കിലും ഇടതുപക്ഷത്തുള്ള എംഎൽഎമാർ സ്ഥാനം രാജിവെച്ചിട്ടില്ല. എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയാലും എംഎൽഎ സ്ഥാനം തിരിച്ചു നൽകാൻ കഴിയില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അന്വേഷണത്തിൽ ഒരു തരത്തിലുള്ള ആനുകൂല്യവും എംഎൽഎ ആയതുകൊണ്ട് നൽകേണ്ടതില്ലെന്നും നീതി എല്ലാവർക്കും ലഭ്യമാകണം എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ‘ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല; പ്രതികളായവരെ പുറത്തുകൊണ്ടുവരണം’; മോഹൻലാൽ
ധാർമ്മികമായി രാജി വെച്ചാൽ കുറ്റക്കാരൻ അല്ലെന്ന് തെളിഞ്ഞാൽ ധാർമികമായി തിരികെ കഴിയില്ല. ധാർമ്മിക നീതി അല്ല തെരഞ്ഞെടുപ്പ് നിയമം ആണ് നിലനിൽക്കുന്നത്. കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തുന്ന മുറവിളി അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്തണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും കുറ്റക്കാരനാണെങ്കിൽ ശിക്ഷ ലഭിക്കണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
മുകേഷിനെ തങ്ങൾ സംരക്ഷിക്കുന്നില്ല. മാധ്യമങ്ങൾക്ക് മുൻധാരണ വെച്ച് സിപിഐഎമ്മിനെ ആക്രമിക്കാനാണ് ശ്രമം. അതിനെ അംഗീകരിക്കാൻ ആകില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. മുകേഷ് രാജിവെക്കണമെന്ന സിപിഐയുടെ ആവശ്യത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇനി അവരോട് ചോദിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. രഞ്ജിത്ത് ഒരു എക്സിക്യൂട്ടീവ് സ്ഥാനത്തായിരുന്നു. കുറ്റവിമുക്തനായാൽ സ്ഥാനം തിരികെ നൽകാനാകുമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ ജി സെൻ്ററിന് മുന്നിലേക്കുള്ള സമരത്തെ സ്വാഗതം ചെയ്യുന്നു എന്ന് എം വി ഗോവിന്ദൻ കൂട്ടിചേർത്തു.
സിപിഐഎമ്മിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ആരോപണത്തിന് എംവി ഗോവിന്ദൻ മറുപടി നൽകി. ആരോപണവുമായി വനിതാ നേതാവ് രംഗത്തെത്തിയില്ലേ അത് ശ്രദ്ധിച്ചാൽ മതിയെന്നും കോൺഗ്രസിൽ നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്ന് അവർ പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിനിമയെ പോലെ കോൺഗ്രസിലും പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് അവരുടെ ആരോപണം. പവർ ഗ്രൂപ്പിൽ പ്രതിപക്ഷ നേതാവും ഉണ്ടെന്നും അവർ ആരോപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിലും സിപിഐഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. കൺവീനർ നിലയിൽ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിൽ ഇ.പിക്ക് പരിമിതിയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ ചില കാര്യങ്ങളും വിവാദമായിരുന്നു. ജാവദേക്കർ കൂടിക്കാഴ്ച മാത്രമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Story Highlights : CPIM State secretary MV Govindan responds on Mukesh issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here