‘കോംപ്രമൈസ് ചെയ്യണം അല്ലെങ്കില്‍ ഒതുങ്ങിപ്പോകുമെന്ന ഉപദേശം കേട്ടില്ല, സ്വന്തം വഴിവെട്ടി’; മുന്‍ മിസ് ഇന്ത്യയുടെ പോസ്റ്റ് വൈറല്‍
നിലനില്‍ക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന ഉപദേശങ്ങളെ വെല്ലുവിളിച്ച് മോഡലിംഗ് രംഗത്തും ജീവിതത്തിലും താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് മിസ് ഇന്ത്യ എര്‍ത്ത് 2003 വിജയി ശ്വേത വിജയ് നായര്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. വളരെ ഗ്ലാമറുള്ള രംഗമെങ്കിലും താന്‍ നേരിട്ടത് നിരവധി വെല്ലുവിളികളാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ശ്വേതയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. ശരിയല്ലാത്തത് ചെയ്യാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്ന ഒരു മേഖലയില്‍ ഒരു നിഷേധിയായി നില്‍ക്കാന്‍ പ്രയാസമായിരുന്നെന്ന് ശ്വേത പറയുന്നു. തന്റെ ചെറുപ്പകാലത്ത് അന്ന് സീനിയര്‍ ആയിരുന്ന പലരും വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ഇങ്ങനെ ഒതുങ്ങിപ്പോകുമെന്ന് ഉപദേശിച്ചിരുന്നെന്നും ശ്വേത പറഞ്ഞു. ഒരു കാലത്ത് ദുബായും മുംബൈയും തനിക്ക് ഏതൊക്കെ തരത്തില്‍ സുരക്ഷിതമല്ലാത്ത ഇടങ്ങളായി തോന്നിയെന്നും ഇന്‍സ്റ്റഗ്രാമില്‍ ശ്വേത വിശദീകരിക്കുന്നു. (Former Miss India recalls how her moral fiber was tested after winning crown)
മലയാളിയായ ശ്വേതയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 2.2 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണുള്ളത്. പതിനായിരക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു ബ്യൂട്ടി വ്‌ലോഗര്‍ കൂടിയാണ് ശ്വേത. തന്റെ പിതാവിന്റെ മരണശേഷം കുടുംബം നോക്കാന്‍ താന്‍ എണ്ണാവുന്നതിലും അപ്പുറം ജോലികള്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മൂല്യങ്ങള്‍ മുറുകെ പിടിച്ചുതന്നെ സ്വപ്‌നം കണ്ട പലതും നേടാനായെന്നും ശ്വേത പറയുന്നു.
Read Also: അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോർട്ട് കൈമാറി നിവിൻ പോളി
വിട്ടുവീഴ്ച ചെയ്യാനുള്ള ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാതെ തന്റേതായ വഴി സ്വയം വെട്ടാനാണ് തീരുമാനിച്ചതെന്ന് ശ്വേത പറയുന്നു. സ്വതന്ത്ര പ്രോജക്ടുകള്‍ മാത്രം മോഡലിംഗില്‍ ഏറ്റെടുത്ത് ചെയ്‌തെന്നും സിസ്റ്റത്തിന് പൂര്‍ണമായി കീഴ്‌പ്പെടാത്തവര്‍ക്കൊപ്പം മാത്രം പ്രവര്‍ത്തിച്ചെന്നും ശ്വേത പറയുന്നു. ഇതിനിടയില്‍ പല നഷ്ടങ്ങളുമുണ്ടായി. ആദ്യത്തെ കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം വില്‍ക്കേണ്ടി വന്നു. മറ്റുള്ളവരുടേതുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യുന്നത് സന്തോഷം നശിപ്പിക്കും. സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാനും ശ്വേത പറയുന്നു.
Story Highlights : Former Miss India recalls how her moral fiber was tested after winning crown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here