Advertisement

കുഞ്ഞുവാവകള്‍ക്ക് ഫോണ്‍ കൊടുക്കാനേ പാടില്ല, അപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ക്കോ?; സ്വീഡനിലെ നിര്‍ദേശങ്ങളില്‍ നിന്ന് നമ്മുക്കും പഠിക്കാനുണ്ട്

September 9, 2024
Google News 2 minutes Read
Sweden’s recommendations on children's screen time

മൂന്നോ നാലോ വയസാകുമ്പോഴേക്കും ഫോണിന്റെ ലോക്ക് തുറക്കാനും ഇഷ്ടമുള്ള ആപ്പുകള്‍ എടുക്കാനും കാര്‍ട്ടൂണുകള്‍ എടുത്ത് കാണാനും കുഞ്ഞുങ്ങള്‍ പഠിക്കുന്നത് കണ്ട് നിങ്ങളില്‍ പലരും അത്ഭുതം കൂറിയിട്ടുണ്ടാകും. മിഠായിയേക്കാളും കളിപ്പാട്ടത്തേക്കാളും അച്ഛനമ്മമാരുടെ മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ടാകാം. എന്നാല്‍ കുഞ്ഞുവാവകളും ഫോണും തമ്മിലുള്ള ഈ ചങ്ങാത്തം അത്ര നല്ലതിനല്ലെന്ന് പറഞ്ഞ് നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് സ്വീഡന്‍. രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ കൊടുക്കരുതെന്നാണ് സ്വീഡന്‍ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം. (Sweden’s recommendations on children’s screen time)

ബാല്യത്തിന്റെ സൗന്ദര്യം നശിക്കാതിരിക്കാനെന്ന് വിശദീകരിച്ചാണ് സ്വീഡന്‍ ആരോഗ്യമന്ത്രി ജേക്കബ് ഫോര്‍സ്‌മെഡ് നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ സംസാരിക്കാന്‍, സോഷ്യലൈസ് ചെയ്ത് ശീലിക്കാന്‍, ചില കുട്ടികള്‍ക്ക് നടന്നുതുടങ്ങാന്‍ വരെ ഫോണ്‍ ഉപയോഗം ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെങ്കിലും ന്യൂറോബയോളജികല്‍ വീക്ഷണ കോണില്‍ നിന്ന് നോക്കിയാല്‍ ഒരു കൊച്ചുകുഞ്ഞിന് ആവശ്യമുള്ളതിലും കൂടുതല്‍ വിവരങ്ങള്‍, ദൃശ്യങ്ങള്‍, ഡാറ്റ ഇവ കുറച്ചുസമയത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്കുള്ളിലേക്ക് എത്തുന്നത് നല്ലതല്ലെന്ന് റോജെന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സെബാസ്റ്റ്യന്‍ സഗ്ഗേറ്റ് പറയുന്നു. അവര്‍ ഫോണില്‍ നിന്ന് കാണുകയും അറിയുകയും ചെയ്യുന്നതിന് പകരം വയ്ക്കാന്‍ യഥാര്‍ത്ഥ ലോകത്തില്‍ ഒന്നുമില്ലാതെ വരുന്നത് നിരാശയിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാന്‍ ഇടയുണ്ട്.

Read Also: രാജ്യത്ത് ആദ്യമായി എംപോക്‌സ്: ലക്ഷണങ്ങളും പ്രതിരോധവും അറിയാം

എല്ലാവര്‍ക്കും അറിയുന്നതുപോലെ രാത്രി ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് കുഞ്ഞുങ്ങളുടെ ഉറക്കത്തിന്റെ ചക്രത്തെ ദോഷകരമായി ബാധിക്കും. ഫോണിലെ വിനോദങ്ങളില്‍ മുഴുകിയിരുന്നാല്‍ വളരുന്ന പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട വ്യായാമം നടക്കാതെ വരും. ജാമാ പീഡിയാട്രിക്‌സ് 7100 കുഞ്ഞുങ്ങളില്‍ നടത്തിയ പഠനത്തില്‍ സ്‌ക്രീന്‍ ടൈം കൂടുതലായ കുട്ടികള്‍ക്ക് പ്രോബ്ലം സോള്‍വിംഗ് ഉള്‍പ്പെടെയുള്ള കഴിവുകളില്‍ കുറവ് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ വച്ച് മാതാപിതാക്കള്‍ ഒരുപാട് നേരം ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും കുഞ്ഞുങ്ങളുമായി പരമാവധി വ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്നും സ്വീഡന്‍ ആരോഗ്യവിഭാഗം നിര്‍ദേശിക്കുന്നു.

രണ്ട് വയസുമുതല്‍ 5 വയസുവരെയുള്ള കുട്ടികള്‍ക്ക് പരമാവധി ഒരു മണിക്കൂറും ആറ് മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം പരമാവധി 2 മണിക്കൂറും കൗമാരക്കാരായ കുട്ടികള്‍ക്ക് ദിവസം പരമാവധി മൂന്ന് മണിക്കൂറും മാത്രമേ ഫോണ്‍ നല്‍കാവൂ എന്നും സ്വീഡന്‍ ആരോഗ്യവിഭാഗം നിര്‍ദേശിക്കുന്നു.

Story Highlights : Sweden’s recommendations on children’s screen time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here