Advertisement

അന്ന് ജെയ്റ്റ്‌ലിയും രാഹുലും സോണിയയും ഒരേ സ്വരത്തില്‍ പറഞ്ഞു: ‘യെച്ചൂരി സഭയില്‍ വേണം’; രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി

September 12, 2024
Google News 2 minutes Read
sitaram yechury as a parliamenterian yechury passed away

സിപിഐഎമ്മിന്റെ സംഘടന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നപ്പോഴും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ക്കൂടി പേരെടുത്ത നേതാവാണ് സീതാറാം യെച്ചൂരി. രാജ്യസഭയിലെ യെച്ചൂരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ( sitaram yechury as a parliamenterian)

2005ല്‍ പശ്ചിമ ബംഗാളില്‍ നിന്നാണ് സീതാറാം യെച്ചൂരി ആദ്യമായി രാജ്യസഭയിലെത്തുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു യെച്ചൂരി. ആണവ കരാറുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ വ്യവസ്ഥകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത് സീതാറാം യെച്ചൂരി ആയിരുന്നു. വ്യവസ്ഥകള്‍ മന്‍മോഹന്‍ സിങ് അംഗീകരിച്ചെങ്കിലും പിന്നീട് സിപിഐഎം ഈ വ്യവസ്ഥകളില്‍ നിന്ന് പിന്നോട്ടുപോയി, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

Read Also: മതേതരത്വം കാക്കാന്‍ മുന്നില്‍ നിന്ന നേതാവ്, രാഷ്ട്രീയത്തിലെ സൗമ്യമുഖം; യെച്ചൂരിയെ അനുസ്മരിച്ച് നേതാക്കള്‍

2015ലെ ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ സീതാറാം യെച്ചൂരി ഭേഗതി കൊണ്ടുവന്നതും വോട്ടെടുപ്പില്‍ പാസായതും ചരിത്രമായി. 2017-ല്‍ യെച്ചൂരി രാജ്യസഭയുടെ പടിയിറങ്ങി. സീതാറാം യെച്ചൂരി പാര്‍ലമെന്റിലേക്ക് തിരിച്ചുവരണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്ന ബിജെപി മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകളില്‍ യെച്ചൂരിയോടുള്ള ബഹുമാനം നിറഞ്ഞുനിന്നു.

അരുണ്‍ ജെയ്റ്റ്‌ലിക്ക് മാത്രമായിരുന്നില്ല ആ ആഗ്രഹമുണ്ടായിരുന്നത്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും യെച്ചൂരി പാര്‍ലമെന്റില്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയില്‍ വീണ്ടും രാജ്യസഭയില്‍ എത്തിക്കാനുള്ള നീക്കം സിപിഐഎം ബംഗാള്‍ ഘടകം നടത്തി. എന്നാല്‍, കേരള ഘടകം എതിര്‍ത്തതോടെ ഈ നീക്കം പൊളിഞ്ഞു. പിന്നീട് 2020-ലും സമാനനീക്കം ബംഗാള്‍ ഘടകം നടത്തിയെങ്കിലും അതും നടന്നില്ല. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരുടെ പട്ടികയിലാണ് സീതാറാം യെച്ചൂരിയുടെ സ്ഥാനം.

Story Highlights : sitaram yechury as a parliamenterian yechury passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here