വിപ്ലവ സൂര്യന് വിട; സീതാറാം യെച്ചൂരി അന്തരിച്ചു
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു.
സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. പഠനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ച വ്യക്തി. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായത്. 1974ല്‍ എസ്എഫ്‌ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read Also: സീതറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: നിരീക്ഷിച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം
1975ലാണ് സിപിഐ എം അംഗമായത്. 1985ല്‍ 12ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. 1992ല്‍ നടന്ന 14ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയിലെത്തി. 2005മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. വിശാഖപട്ടണത്ത് 2015ല്‍ നടന്ന 21ാം പാര്‍ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. പിന്നീട് ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസുകളില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.
Story Highlights : Veteran CPM leader Sitaram Yechury dies at 72 after prolonged illness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here