പി.വി അൻവറിന് പിന്നിൽ മാഫിയ സംഘമെന്ന് എഡിജിപി; ഗൂഢാലോചനയെന്ന് മൊഴി നൽകി
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പി.വി അൻവറിന് പിന്നിൽ മാഫിയ സംഘം പ്രവർത്തിക്കുന്നുവെന്ന് എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴി. കുഴൽപ്പണ ഇടപാടുകാരും തീവ്രവാദ ബന്ധമുള്ളവരും ആണ് പിന്നിൽ എന്നും എഡിജിപി മൊഴി നൽകി. മലപ്പുറം ജില്ലയിൽ നടന്ന സ്വർണ്ണവേട്ടയും പ്രതികാരത്തിന് കാരണമായെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ
എംആർ അജിത്കുമാർ ആരോപിക്കുന്നു.
അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.
അന്‍വറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. മൂന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പ് വിഡിയോ റെക്കോർഡ് ചെയ്തു.
അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ മൊഴി എന്തായിരിക്കുമെന്നതിൽ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം. നിരന്തരം ആരോപണം ഉന്നയിക്കുന്ന അൻവറിനെതിരെ എന്തെങ്കിലും തെളിവ് നൽകിയോ എന്നുള്ളതും പ്രധാനമാണ്.
Story Highlights : ADGP says mafia group behind PV Anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here