Advertisement

‘അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കാന്‍ നോക്കിയ കുടുംബമാണ് അതിഷിയുടേത്’; അതിഷിയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ എഎപി എംപി സ്വാതി മാലിവാള്‍

September 17, 2024
Google News 3 minutes Read
Swati Maliwal attacks Atishi, says her family fought to stop Afzal Guru's hanging

അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സ്വാതി മാലിവാള്‍. അതിഷിയെ ഡമ്മി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് രാജ്യ സുരക്ഷയെക്കുറിച്ച് പോലും ആശങ്കയുണ്ടാക്കുന്നുവെന്ന് സൂചിപ്പിച്ചാണ് സ്വാതിയുടെ വിമര്‍ശനം. ഇത് ഡല്‍ഹിയെ സംബന്ധിച്ച് വളരെ ദുഃഖം നിറഞ്ഞ ദിവസമാണ്. പാര്‍ലമെന്റ് ആക്രമണകേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കാന്‍ പോരാടിയ കുടുംബമാണ് അതിഷിയുടേത്. അതിഷി ഡമ്മി മുഖ്യമന്ത്രിയാണെങ്കിലും ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സ്വാതിമാലിവാള്‍ പറഞ്ഞു. (Swati Maliwal attacks Atishi, says her family fought to stop Afzal Guru’s hanging)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസിതിയില്‍ വച്ച് മര്‍ദിക്കപ്പെട്ട സംഭവം മുതല്‍ സ്വാതി എഎപിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് അതിഷിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇപ്പോള്‍ സ്വാതി രംഗത്തെത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കുന്നതിനായി അതിഷിയുടെ മാതാപിതാക്കള്‍ രാഷ്ട്രപതിയ്ക്ക് നല്‍കിയതെന്ന് പറയപ്പെടുന്ന ഒരു നിവേദനവും എക്‌സില്‍ സ്വാതി മാലിവാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അതിഷിയും മാതാപിതാക്കളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും സ്വാതി പോസ്റ്റ് ചെയ്തു. അഫ്‌സല്‍ ഗുരു നിരപരാധിയാണെന്നും അയാള്‍ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും വാദിച്ച മാതാപിതാക്കളുടെ മകളാണ് അതിഷി. ഇക്കാര്യങ്ങള്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് സ്വാതി മാലിവാള്‍ പ്രതികരിച്ചു. ഇടത് ആക്ടിവിസ്റ്റുകളായ അതിഷിയുടെ മാതാപിതാക്കളുടെ നിലപാടുകളെച്ചൊല്ലി ബിജെപി മുന്‍പ് അതിഷിയ്‌ക്കെതിരെ നിരന്തരം പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇടത് സൈദ്ധാന്തികരായ മാര്‍ക്‌സ്, ലെനിന്‍ എന്നീ പേരുകള്‍ ചേര്‍ത്താണ് അതിഷിയുടെ സര്‍നെയിമായി മര്‍ലിന എന്ന് മാതാപിതാക്കള്‍ ഇട്ടിരുന്നത്. പിന്നീട് അതിഷി ആ സര്‍നെയിം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

Read Also: ഡൽഹിക്ക് വനിതാ മുഖ്യമന്ത്രി; അരവിന്ദ് കെജ്രിവാളിന് പിൻ​ഗാമി അതിഷി

അഫ്‌സല്‍ ഗുരുവിനായി അതിഷിയുടെ മാതാപിതാക്കള്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി പോലും ഇത്തരമൊരു കടുത്ത ആരോപണം ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സ്വാതിയുടെ ആരോപണം സജീവ ചര്‍ച്ചയായതോടെ സ്വാതി മാലിവാള്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വാതി മാലിവാള്‍ ഇപ്പോള്‍ ബിജെപി എഴുതിയ സ്‌ക്രിപ്റ്റാണ് ഉറക്കെ വായിക്കുന്നതെന്നും അവര്‍ രാജിവയ്ക്കണമെന്നും മുതിര്‍ന്ന എഎപി നേതാവ് ദിലീപ് പാണ്‌ഢെ ആവശ്യപ്പെട്ടു.

Story Highlights : Swati Maliwal attacks Atishi, says her family fought to stop Afzal Guru’s hanging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here