ചെന്നൈയിലെ സാംസങ് പ്ലാൻ്റിൽ സമരം: പ്രതിഷേധ മാർച്ചിന് തൊട്ടുമുൻപ് ജീവനക്കാരെ കരുതൽ തടങ്കലിലാക്കി, രാത്രിയോടെ വിട്ടയച്ചു
ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിൽ സമരത്തിലേക്ക് നീങ്ങിയ നൂറോളം ജീവനക്കാരെ കരുതൽ തടങ്കലിലാക്കി. പിന്നീട് നടന്ന ചർച്ചകളെത്തുടർന്ന് ഇവരെ രാത്രിയോടെ വിട്ടയച്ചു. പ്രതിഷേധ സമരത്തിന് അനുമതി തേടിയില്ലെന്ന് ആരോപിച്ചാണ് പൊലീസ് ഫാക്ടറിയിലെ ജീവനക്കാരായവരെ കരുതൽ തടങ്കലിലാക്കിയത്. ശമ്പള വർധനവടക്കം ആവശ്യമുന്നയിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ചീപുരത്തെ പ്ലാൻ്റിൽ സമരം തുടരുമ്പോഴാണ് പൊലീസിൻ്റെ ഈ നീക്കം.
കഴിഞ്ഞ ആഴ്ചയാണ് കാഞ്ചീപുരത്ത് സമരം തുടങ്ങിയത്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ആവശ്യപ്പെട്ടുള്ള സമരത്തിൽ തങ്ങളുടെ സിഐടിയു യൂണിയനെ അംഗീകരിക്കണമെന്ന ആവശ്യവും തൊഴിലാളികൾ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ സിഐടിയു പോലെ ദേശീയ തലത്തിലുള്ള ഒരു ട്രേഡ് യൂണിയനെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സാംസങ്.
ഫാക്ടറിക്ക് സമീപം തൊഴിലാളികൾക്ക് വേണ്ടി ഷിഫ്റ്റ് ടെൻ്റ് സ്ഥാപിക്കണമെന്ന് 1800 ഓളം വരുന്ന തൊഴിലാളികളിൽ ആയിരത്തിലേറെ പേർ ആവശ്യപ്പെടുന്നുണ്ട്. ടെലിവിഷനും റെഫ്രിജറേറ്ററും വാഷിങ് മെഷീനും നിർമ്മിക്കുന്നതാണ് പ്ലാൻ്റ്. സാംസങിൻ്റെ ഇന്ത്യയിലെ വരുമാനത്തിൻ്റെ മൂന്നിലൊന്ന് വരുമാനവും നേടിയെടുക്കുന്നത് ഈ പ്ലാൻ്റിലാണ്.
തൊഴിലാളികളുമായി വിഷയങ്ങൾ ചർച്ച ചെയ്യുകയാണെന്നാണ് സാംസങ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ സാംസങ് കമ്പനി പ്രതിനിധികളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇന്ന് തൊഴിലാളികൾ പ്രതിഷേധ മാർച്ചിലേക്ക് നീങ്ങിയത്. ഈ ഘട്ടത്തിലാണ് പൊലീസ് ഇടപെട്ടത്. കാഞ്ചീപുരത്തെ ഒരു വിവാഹ ഹാളിലാണ് കരുതൽ തടങ്കലിൽ 104 തൊഴിലാളികളെ പാർപ്പിച്ചത്.
Story Highlights : Samsung workers in Chennai demand higher wages, better conditions.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here