അന്നയുടെ മരണം; ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ നിർദ്ദേശിച്ച് EY കമ്പനി

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ നിർദ്ദേശിച്ച് EY കമ്പനി. കമ്പനി നടത്തുന്ന ഔദ്യോഗിക അന്വേഷണം പൂർത്തിയാകുംവരെ ഡ്യൂട്ടിയിൽ കയറരുതെന്നും നിർദേശം. അന്നയുടെ മാനേജർമാർക്കെതിരെ കമ്പനിയിൽത്തന്നെയുള്ളവർ രംഗത്തെത്തിയിരുന്നു. മാനേജർമാർ അവരുടെ താല്പര്യങ്ങൾക്കാണ് പ്രാധാന്യം നല്കുന്നതെന്നും ജോലി ഭാരം കൂട്ടുകയാണെന്നും ഉൾപ്പടെയുള്ള വിമർശനങ്ങൾ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജര്‍ മീറ്റിങ്ങുകള്‍ മാറ്റിവെച്ചിരുന്നത്. ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്തുതീർക്കാൻ കഠിനാധ്വാനം ചെയ്യുന്നതിനിടെ അതിനും മുകളിൽ ജോലി നൽകുന്ന പ്രവണത ഇവർക്കുണ്ടായിരുന്നു.
EY യിൽ മാർച്ചിൽ എത്തിയതിന് ശേഷം രണ്ട് തവണയാണ് അന്ന നാട്ടിൽ വന്നതെന്ന് അമ്മ അനിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ഈ രണ്ട് തവണയും ഞായർ ഉൾപ്പടെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു അന്ന. ശനിയും ഞായറും ഓഫീസിൽ അവധിയാണ് എന്നാൽ ഓഫീസിൽ ചെന്നിലെങ്കിലും താമസ്ഥലത്തുനിന്ന് ജോലി ചെയ്യണം. ഓഫിസിലെ ജോലിക്ക് ശേഷം വീട്ടിലെത്തിയാലും ഈ ജോലിയുമായി തന്നെ പാതിരാത്രി കഴിഞ്ഞിട്ടും ഇരിക്കേണ്ടിവന്ന അവസ്ഥ അന്നയ്ക്ക് ഉണ്ടായിരുന്നു. അസി. മാനേജരും മാനേജർമാരും നൽകുന്ന ജോലി എത്രയായാലും ചെയ്യണമെന്ന നിലയിലാണ് അന്നയെ പോലെയുള്ള മറ്റ് തൊഴിലാളികളും. ഇത് മുതലെടുത്ത് കൂടുതൽ കൂടുതൽ ജോലി ചെയ്യിക്കുകയാണ് ഇവരുടെ പതിവെന്നും ആരോപണങ്ങളുണ്ട്.
Read Also: അന്നയുടെ മരണം; കമ്പനിക്കയച്ച കത്ത് ചോർന്നതിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ച് EY
ജൂനിയറായിട്ടുള്ളവർക്ക് അവർ നേരിടുന്ന പ്രശ്നങ്ങൾ ആത്മവിശ്വാസത്തോടെ പറയാൻ ഒരു സംവിധാനവും കമ്പനിയിൽ ഇല്ല. അതുകൊണ്ടുതന്നെ മാനേജർമാർക്ക് ഉറപ്പായിരിക്കും അവർ മിണ്ടില്ലെന്ന്.
അതേസമയം, അന്ന സെബാസ്റ്റ്യൻ്റെ അമ്മ അയച്ച പരാതി കത്ത് ചോർന്നതിൽ EY യിലെ കൊച്ചി, ബോംബെ ഓഫീസുകളിൽ അന്വേഷണം നടക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. മകളുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞിരുന്നു.
നാല് മണിക്കൂർ മാത്രമായിരുന്നു അന്ന ഉറങ്ങിയിരുന്നത്. ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം. ഈ ജോലി തന്റെ അവസാനമായിരിക്കുമെന്ന് അന്ന പറഞ്ഞിരുന്നതായി സുഹൃത്ത് ആൻ മേരി പറഞ്ഞു. തുടർച്ചയായി ജോലി ചെയ്യുന്ന രീതിയിലയിരുന്നു അന്ന ജോലിയെടുത്തിരുന്നു. ഇടവേളകളില്ലാതെയായിരുന്നു അന്ന പ്രവർത്തിച്ചിരുന്നത്. സന്തോഷിക്കാൻ മാത്രം അന്നയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. ജോലി നിർത്തുന്നുവെന്ന് പലരോടും അന്ന പറഞ്ഞിരുന്നതായി സുഹൃത്ത് പറയുന്നു. ഒട്ടും സഹിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അവിടെയെന്ന് ആൻ മേരി പറയുന്നു.
അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. അന്നയ്ക്ക് നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
Story Highlights : EY Company orders the accused officer to go on leave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here