Advertisement

പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടി ഷര്‍ട്ട് ധരിച്ചു; ഹോങ്കോങില്‍ യുവാവിന് 14 മാസം തടവ്

September 20, 2024
Google News 3 minutes Read
Hongkong protest

പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഹോങ്കോങ്ങ് പൗരന് 14 മാസം തടവ്. ചു കൈ-പോങ് (27) എന്ന യുവാവിനാണ് ഒരു വര്‍ഷവും രണ്ട് മാസവും ജയില്‍ ശിക്ഷ ലഭിച്ചത്. നഗരത്തിലെ ഒരു സബ്വേ സ്റ്റേഷനില്‍ വെച്ച് ജൂണ്‍ മാസത്തിലാണ് ചു കൈ-പോങ് പോലീസിന്റെ പിടിയിലായത്. ‘ഹോങ്കോങിനെ വിമോചിപ്പിക്കുക, നമ്മുടെ കാലത്തെ വിപ്ലവം’ എന്നിങ്ങനെയുള്ള വാചകങ്ങള്‍ ഇദ്ദേഹം ധരിച്ച ഷര്‍ട്ടില്‍ ഉണ്ടായിരുന്നു. ‘FDNOL’ എന്ന് എഴുതിയ ഒരു മുഖംമൂടിയും ചു കൈ പോങ് ധരിച്ചിരുന്നു. മറ്റൊരു മുദ്രാവാക്യത്തിന്റെ ആദ്യാക്ഷരങ്ങളായിരുന്നു ഇവ. 2019-ലെ ഹോങ്കോങ് നഗരത്തില്‍ അരങ്ങേറിയ പ്രതിഷേധത്തില്‍ ഉപയോഗിക്കപ്പെട്ട മുദ്രവാക്യങ്ങളായിരുന്നു ഇവ. ഇതേ കുറ്റത്തിന് മുമ്പ് മൂന്നുമാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് ചു കൈ പോങ്. 2019 ലെ പ്രതിഷേധത്തിന്റെ വാര്‍ഷികം ആചരിക്കാന്‍ ജൂണ്‍ 12-ന് വലിയ ജനക്കൂട്ടമായിരുന്നു തെരുവുകളില്‍ ഒത്തുകൂടിയിരുന്നത്. ഇതിനിടെയായിരുന്നു ചുവിന്റെ അറസ്റ്റ്. സ്വന്തം മലം അടങ്ങിയ ഒരു പെട്ടിയും അറസ്റ്റിലാകുമ്പോള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു. തന്റെ വീക്ഷണങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് നേരെ പ്രയോഗിക്കാന്‍ ആയിരുന്നു ഇതെന്നാണ് പോലീസിനോട് ഇയാള്‍ പറഞ്ഞിരുന്നത്.

ജൂണ്‍ 14 മുതല്‍ ചു കൈ പാങ് കസ്റ്റഡിയിലായിരുന്നു. ദേശീയ സുരക്ഷ കേസുകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത ചീഫ് മജിസ്ട്രേറ്റ് വിക്ടര്‍ സോവിന് മുമ്പില്‍ കുറ്റം സമ്മതിച്ച പ്രതി 2019-ലെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനാണ് താന്‍ മുദ്രവാക്യം എഴുതിയ ടി ഷര്‍ട്ട് ധരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. മുമ്പ് ശിക്ഷിക്കപ്പെട്ട ആളായിരുന്നിട്ട് കൂടി പ്രതിക്ക് പശ്ചാത്താപമുണ്ടായില്ല എന്ന വാദം അംഗീകരിച്ച കോടതി ഗുരുതര രാജ്യദ്രോഹക്കുറ്റമാണ് ചു ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു.

Read Also: ഹിസ്ബുള്ളയുടെ പേജറുകള്‍ പൊട്ടിത്തെറിപ്പിച്ചത് ഇസ്രയേലിന്റെ യൂണിറ്റ് 8200 ? ഇസ്രയേലിന്റെ രഹസ്യ ഇന്റലിജന്‍സ് വിഭാഗത്തെ അറിയാം

നിരവധി എതിര്‍പ്പുകള്‍ക്ക് വഴി വെച്ച്, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാസാക്കിയ പുതിയ പ്രാദേശിക ദേശീയ സുരക്ഷ നിയമത്തിന് കീഴില്‍ ഹോങ്കോങ് നഗരത്തിലെ കോടതിയുടെ ആദ്യനടപടി കൂടിയാണിത്. 2020-ല്‍ ബെയ്ജിംങ് കൊണ്ടുവന്ന ദേശീയ സുരക്ഷ നിയമത്തെ കൂടുതല്‍ വിപുലീകരിക്കുന്നതിനാണ് ‘ആര്‍ട്ടിക്കിള്‍ 23’ എന്നു കൂടി വിളിക്കപ്പെടുന്ന നിയമം ഹോങ്കോങില്‍ നിലവില്‍ വന്നത്. ഈ നിയമം വരുന്നതോടെ നഗരത്തിലെ പൗരസ്വാതന്ത്ര്യം തീര്‍ത്തും ഇല്ലാതാകുമെന്നതടക്കമുള്ള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ബെയ്ജിംങിലെയും ഹോങ്കോങ്ങിലെയും അധികാരികള്‍ ഇക്കാര്യങ്ങള്‍ ചൊവിക്കൊണ്ടില്ല. സ്ഥിരമായ സമാധാന ജീവിതത്തിന് നിയമം ആവശ്യമാണെന്ന വാദമുന്നയിച്ചായിരുന്നു അധികാരികള്‍ പ്രതിഷേധങ്ങളെ ഇല്ലാതാക്കിയത്. അതേ സമയം കോടതി നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ നഗ്നമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൈന ഡയറക്ടര്‍ സാറ ബ്രൂക്സ് പ്രതികരിച്ചു. ആര്‍ട്ടിക്കിള്‍ 23 റദ്ദാക്കണമെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read Also: മാര്‍വെലിനെയും ഹോളിവുഡിനെയും നാശത്തിലേക്ക് നയിച്ച വോക്ക് കള്‍ച്ചര്‍

ഹോങ്കോങിലെ ജനാധിപത്യ അനുകൂല പത്രമായ ‘സ്റ്റാന്‍ഡ് ന്യൂസി’ന് നേതൃത്വം നല്‍കിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സമാന നിയമം പ്രയോഗിക്കപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം കണ്ടെത്തിയിട്ടുണ്ട്. 1997-ല്‍ ബ്രിട്ടന്‍ ഹോങ്കോംഗ് ചൈനയ്ക്ക് കൈമാറിയതിന് ശേഷം നഗരത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആദ്യത്തെ രാജ്യദ്രോഹ കേസ് കൂടിയാണിത്. ഈ കേസില്‍ വിധി വരാനിരിക്കെയാണ് ചു കൈ പാങിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

Story Highlights : Young man jailed for 14 months in Hong Kong

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here