റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയുടെ തീവ്ര ശ്രമം; ഇരുഭാഗത്തുമായി ചർച്ചകൾ പുരോഗമിക്കുന്നു
റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ തീവ്ര പരിശ്രമം നടത്തുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. യുദ്ധം അവസാനിപ്പിക്കുന്നതിനായി നിരവധി തത്പര കക്ഷികളുമായി ഇന്ത്യ ചർച്ച നടത്തി. അത് തുടരുകയാണെന്നും കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു ഭാഗത്തുമുള്ളവരോടും ഇന്ത്യ സംസാരിക്കുന്നുണ്ട്. ഇന്ത്യ പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന നിലപാട് പലരും ഉയർത്തിയിരുന്നു. അതിനാലാണ് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം ശക്തമാക്കിയതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
അമേരിക്കയിലെ ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ റഷ്യ – യുക്രൈൻ സംഘർഷത്തിൽ ഉടനടി പരിഹാരം കാണാൻ ഈ ചർച്ചകളിലൂടെ സാധിക്കില്ലെന്നും കുറച്ചധികം സമയം ആവശ്യമാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. ഇരുവിഭാഗത്തുമുള്ള വിവിധ കക്ഷികളുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലെത്തിയിരുന്നു. പ്രസിഡൻ്റ് വ്ലോഡിമർ സെലൻസ്കിയുമായി സംസാരിച്ച അദ്ദേഹം റഷ്യയും യുക്രൈനും ഒരുമിച്ചിരുന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. യുദ്ധത്തിനായി സമയം പാഴാക്കരുതെന്ന് പറഞ്ഞ മോദി, സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ സജീവമായി ഇന്ത്യ ഇടപെടുമെന്നും വ്യക്തമാക്കിയിരുന്നു.
Story Highlights : India engaged in talks with all parties for Russia-Ukraine resolution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here