Advertisement

ആര്‍സനലിന് മുമ്പില്‍ സമനിലയില്‍ കുരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

September 23, 2024
Google News 2 minutes Read
Manchester city vs Arsenal

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ സിറ്റിയെ സമനിലയില്‍ തളച്ച് ആര്‍സനല്‍. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ആദ്യം എര്‍ലിങ് ഹാളണ്ടിലൂടെ ലീഡ് എടുത്ത സിറ്റിക്ക് തുടരെ തുടരെ രണ്ട് പ്രഹരങ്ങള്‍ ആര്‍സനല്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇഞ്ചുറി സമയത്തിന്റെ അവസാനത്തിലാണ് സിറ്റിക്ക് സമനിലഗോള്‍ നേടാനയത്. ആദ്യപകുതിക്ക് തൊട്ടുമുമ്പ് ബെല്‍ജിയം അറ്റാക്കര്‍ ലിയാന്‍ഡ്രോ ട്രൊസാഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമയിട്ടായിരുന്നു ആര്‍സനല്‍ മിന്നും പ്രകടനം നടത്തിയത്. ഗോളെന്നുറച്ച നിരവധി കിക്കുകള്‍ തഞ്ഞിട്ട കീപ്പര്‍ ഡേവിഡ് റയയാണ് ശരിക്കും താരമായത്. ഗോളെന്നുറച്ച സിറ്റി താരങ്ങളുടെ ഷോട്ടുകള്‍ നിരവധി തവണയാണ് അദ്ദേഹം വഴിത്തിരിച്ചുവിട്ടത്.

ഒമ്പതാം മിനിറ്റില്‍ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ തന്റെ പത്താം ഗോള്‍ ആയി ഹാലന്‍ഡ് ആണ് ലീഡ് സമ്മാനിച്ചത്. ബ്രസീലിയന്‍ താരം സാവിയോയുടെ അസിസ്റ്റില്‍ നിന്ന് ആഴ്സണല്‍ പ്രതിരോധത്തെ മികച്ച സ്പ്രിന്റിലൂടെ പിന്നിലാക്കി ഗോള്‍കീപ്പര്‍ ഡേവിഡ് റയയെയും കീഴ്‌പ്പെടുത്തി വലയില്‍ എത്തിക്കുകയായിരുന്നു.

Read Also: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം; ഈസ്റ്റ് ബംഗാളിനോട് ജയിച്ചത് 2-1 സ്‌കോറില്‍

എന്നാല്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. പ്രതിരോധവും മുന്നേറ്റവും ഒരുപോലെ ശ്രദ്ധിച്ച് കളിച്ച ആര്‍സനല്‍ സമനില പിടിച്ചു. 22-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുടെ പാസില്‍ റിക്കാര്‍ഡോ കാലാഫിയോറിയിലൂടെ ആര്‍സനല്‍ സിറ്റിക്ക് ഒപ്പമെത്തി. സിറ്റിയെ സമര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങളുമായി ആര്‍സനല്‍ താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ മത്സരം ആവേശകരമായി. ഇതിനിടെ രണ്ടാംഗോളും ആര്‍സനല്‍ കണ്ടെത്തി. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഗബ്രിയേല്‍ ബുക്കായോ സാകയുടെ പിന്‍ഡ്രോപ് കോര്‍ണര്‍ അതിവിധഗ്ദ്ധമായി ഹെഡ് ചെയ്ത ബ്രസീലിയന്‍ ഗബ്രിയേല്‍ 2-1 എന്ന സ്‌കോറില്‍ ആര്‍സനലിനെ മുന്നില്‍ എത്തിച്ചു. ഇതോടെ കടുത്ത നീക്കങ്ങളായിരുന്നു സിറ്റി നടത്തിയത്. സിറ്റിയുടെ സമ്മര്‍ദ്ദത്തിലും ആഴ്‌സണലിന്റെ പ്രതിരോധം ഉറച്ചുനിന്നു. പക്ഷെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഇംഗ്ലീഷ് താരം ജോണ്‍ സ്‌റ്റോണ്‍സ് സിറ്റിയുടെ രണ്ടാംഗോള്‍ നേടി സമനില പിടിച്ചു. 13 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ആഴ്‌സണല്‍ 11 പോയിന്റുമായി നാലാമതും ഉണ്ട്.

Story Highlights : English Premier League Manchester city vs Arsenal match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here