‘മുഖ്യമന്ത്രി എന്നെ സംശയ നിഴലില്‍ നിര്‍ത്തി, മുഖ്യമന്ത്രി വായിക്കുന്നത് അജിത് കുമാറിന്റെ തിരക്കഥ’: ആഞ്ഞടിച്ച് പി വി അന്‍വര്‍
പരസ്യപ്രസ്താവന വേണ്ടെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍. താന്‍ ഉന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. പി വി അന്‍വര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി കേരളീയ സമൂഹത്തിലേക്ക് ഇട്ടുകൊടുത്തു. മുഖ്യമന്ത്രി അത്രത്തോളം കടത്തി പറയേണ്ടിയിരുന്നില്ല. നൊട്ടോറിയസ് ക്രിമിനലായ അജിത് കുമാറിന്റെ തിരക്കഥയാണ് മുഖ്യമന്ത്രി വായിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. (P V Anvar press meet updates anvar against pinarayi vijayan)
അന്‍വര്‍ കള്ളക്കടത്തുകാരെ മഹത്വവത്കരിക്കുന്നുവെന്നാണ് ആരോപണം. ഇതെല്ലാം അജിത് കുമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞതാകാം. അല്ലാതെ അദ്ദേഹം പറയില്ലല്ലോ. അന്‍വര്‍ പറഞ്ഞു. അന്‍വറിന്റേത് കഴമ്പില്ലാത്ത പരാതിയാണെന്ന് പറയുന്നു. കഴമ്പില്ലാത്ത പരാതിയാണെങ്കില്‍ ചവറ്റുകൊട്ടയില്‍ ഇടുകയാണ് ചെയ്യുക. മുഖ്യമന്ത്രി തന്നെ സംശയ നിഴലില്‍ നിര്‍ത്തിയപ്പോള്‍ പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും അതുണ്ടായില്ല. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരസ്യപ്രസ്താവന വേണ്ടെന്ന് വച്ചിരുന്നു. സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചാണ് നിര്‍ദേശം മാനിച്ചത്. എന്നാല്‍ അന്വേഷണം കൃത്യമല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. മരംമുറി അന്വേഷണം പരിതാപകരമാണെന്നും അന്‍വര്‍ ആഞ്ഞടിച്ചു.
റിദാന്‍ വധക്കേസിലും മരംമുറി കേസിലും സ്വര്‍ണക്കടത്ത് ആരോപണങ്ങളിലും അന്വേഷണം തൃപ്തികരമല്ലെന്ന് അന്‍വര്‍ പറയുന്നു. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തിയ 188 കേസുകളില്‍ 25 സ്വര്‍ണക്കടത്തുകാരോടെങ്കിലും സംസാരിച്ചാല്‍ കടത്തുസ്വര്‍ണം എവിടെ വച്ച് പിടിച്ചു, പിന്നീട് എങ്ങോട്ട് മാറ്റി എന്നൊക്കെ അറിയാനാകുമായിരുന്നു. ഇത് താന്‍ ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷം വരെ അങ്ങനെയൊരു അന്വേഷണം നടന്നതായി തനിക്ക് അറിവില്ലെന്നും അന്‍വര്‍ പറയുന്നു. നിവൃത്തിയില്ലാതെ താന്‍ തന്നെ അന്വേഷണ ഏജന്‍സിയായി മാറുകയായിരുന്നു. ഇനി ഹൈക്കോടതിയില്‍ മാത്രമാണ് പ്രതീക്ഷ. കോടതിയെ ഉടന്‍ സമീപിക്കും. താന്‍ സ്വര്‍ണകടത്തുകാരെ വിളിപ്പിച്ചും അവരെ നേരില്‍ കണ്ടും അന്വേഷിച്ചു. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ എന്ന ആരോപണവും അന്‍വര്‍ ആവര്‍ത്തിച്ചു.
Story Highlights : P V Anvar press meet updates anvar against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here