ഭര്‍ത്താക്കന്‍മാരെ മന്ദബുദ്ധികളെന്ന് വിശേഷിപ്പിച്ച് പ്രമോഷന്‍ വീഡിയോ; വിവാദമായതോടെ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്
ഭര്‍ത്താക്കന്‍മാരെ മന്ദബുദ്ധികളെന്നും മടിയന്മാര്‍ എന്നും നിര്‍ഭാഗ്യവാന്‍മാര്‍ എന്നും വിശേഷിപ്പിക്കുന്ന പ്രമോഷണല്‍ വീഡിയോ പുറത്തിറക്കിയതിന് പിന്നാലെ പുലിവാല്‍ പിടിച്ച് ഫ്‌ളിപ്പ്കാര്‍ട്ട്. പുരുഷാവകാശ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചതോടെ മാപ്പ് പറയേണ്ടി വന്നു ഇ – കൊമേഴ്‌സ് ഭീമന്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയിലുമായി ബന്ധപ്പെട്ട ആനിമേറ്റഡ് പ്രമോഷണല്‍ വീഡിയോയിലാണ് പുരുഷന്‍മാര്‍ക്കെതിരെ മോശം പരാമര്‍ശമുള്ളത്. വീഡിയോ കമ്പനി ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ ഓഫര്‍ കണ്ട് ഹാന്‍ഡ്ബാഗുകള്‍ വാങ്ങിക്കൂട്ടിയ ഭാര്യയെയാണ് വീഡിയോയില്‍ കാണുന്നത്. ഈ ഹാന്‍ഡ് ബാഗുകള്‍ ഭര്‍ത്താവറിയാതെ എങ്ങനെ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വിവിധ ഉല്‍പ്പന്നങ്ങളുടെ ഓഫറുകളുമായി കൂട്ടിയിണക്കി വിശദീകരിക്കുകയാണ് വീഡിയോയില്‍. ഇതിനിടെയാണ് ഭര്‍ത്താവിനെതിരെ മോശം പരാമര്‍ശങ്ങള്‍ വരുന്നത്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ പുരുഷാവകാശ സംഘടനയായ എന്‍സിഎംഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്‌സ് വിഷയത്തില്‍ ഇടപെട്ടു. പരസ്യത്തെ ‘ടോക്‌സിക്’ എന്നും ‘പുരുഷ വിധ്വേഷകരം’ എന്നുമാണ് സംഘടന വിശേഷിപ്പിച്ചത്.
Read Also: വൻ ഡിസ്കൗണ്ട് മേള; ഫ്‌ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആദായ വിൽപ്പന 20 മുതൽ
വിഷയത്തില്‍ കമ്പനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടന എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഫ്‌ളിപ്പ്കാര്‍ട്ട് മാപ്പ് പറയുകയും ചെയ്തു. തെറ്റായി പോസ്റ്റ് ചെയ്ത അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തെറ്റ് തിരിച്ചറിഞ്ഞയുടന്‍ വീഡിയോ നീക്കം ചെയ്യുകയാണെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കി.
Story Highlights : Flipkart Apologizes After Promotional Video Calling Husbands stupid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here