കീശ കാലിയാകാതെ ഷോപ്പിങ് നടത്തണോ?; ഇന്ത്യയിലെ ഈ മാർക്കറ്റുകളിലേക്ക് പോകാം
ഷോപ്പിങ് ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അടുത്ത കാലത്ത് ഉയർന്നുവന്ന വിശാലമായ ഷോപ്പിങ് മാളുകൾ സത്യത്തിൽ ഷോപ്പിങ്ങിന്റെ രസം കൊല്ലികളാണ് യഥാർത്ഥ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നത് തിരക്കേറിയ തെരുവ് മാർക്കറ്റുകളിൽ തന്നെയാണ്. പോക്കറ്റ് കാലിയാകാതെ ഷോപ്പിംഗ് ചെയ്യാൻ കഴിയുന്ന തെരുവ് മാർക്കറ്റുകൾ ഒരുപാടുണ്ട് നമ്മുടെ രാജ്യത്ത്. ഇതാ ഏറ്റവും പ്രശസ്തമായ ചില മാർക്കറ്റുകൾ
സരോജിനി നഗർ ബസാർ, ഡൽഹി
ഡൽഹിയിലെ ഷോപ്പിങ്ങിനെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരാണ് ‘സരോജിനി നഗർ’. ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ ട്രെൻഡുകൾ കണ്ടെത്താൻ കഴിയുന്ന മറ്റൊരിടം ഇന്ത്യയിൽ ഉണ്ടാകില്ല. ഇവിടെ നിങ്ങൾക്ക് എന്തും രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഷൂസ്, ബ്രേസ്ലെറ്റുകൾ, നെക്ക്പീസ്, പലതരം ആഭരണങ്ങൾ മുതൽ വിവിധ ബ്രാൻഡഡ് വസ്ത്രങ്ങൾ, ക്ലച്ചുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ വരെ നിങ്ങൾക്ക് ഇവിടെ ലഭിക്കും.
ജൻപഥ്, ഡൽഹി
കഴിഞ്ഞ കുറച്ചു കാലമായി നഗരത്തിലെ ഷോപ്പിംഗ് വിലപേശലിന്റെ പര്യായമായി മാറിയ പേര് ജൻപഥ് എന്നാണ്. ജൻപഥ് മാർക്കറ്റ് ഫാഷൻ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, അവിടുത്തെ കടകളിലൂടെ ഇന്ത്യയുടെ സംസ്കാരം പകരുകയും ചെയ്യുന്നു. തലസ്ഥാന നഗരത്തിലെ ഈ ഗോഥിക് മാർക്കറ്റിന് രണ്ട് വ്യത്യസ്ത പാതകളുണ്ട്. ഒന്ന് ഇന്ത്യൻ കരകൗശലവസ്തുക്കൾ, കൈത്തറികൾ, ബാഗുകൾ, സുവനീറുകൾ എന്നിവ ലഭിക്കുന്ന ഷോപ്പുകൾ, മറ്റൊരു പാത നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന നിരക്കിൽ തെരുവ് ശൈലിയിലുള്ള വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന പ്രാദേശിക കച്ചവടക്കാരാൽ നിറഞ്ഞിരിക്കുന്നു. ഈ വിപണിയുടെ പിൻഭാഗത്ത് ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മനോഹരമായ കരകൗശല വസ്തുക്കൾ വിൽക്കുന്ന കുറച്ച് സ്റ്റാളുകളുമുണ്ട്.
ന്യൂ മാർക്കറ്റ്, കൊൽക്കത്ത
കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഹാംഗ്ഔട്ട് സ്ഥലമാണ്. കൊൽക്കത്ത സന്ദർശിക്കുന്ന ആരും ഒരു വട്ടമങ്കിലും മാർക്കറ്റിൽ പോകാതെ മടങ്ങില്ല. നിരവധി കടകളും സ്റ്റാളുകളും ഇവിടെയുണ്ട്. 1874-ൽ സ്ഥാപിതമായ ഇത് കൊൽക്കത്ത നഗരത്തിലെ ഏറ്റവും പഴക്കമുള്ള മാർക്കറ്റും ഇന്ത്യയിലെ ഏറ്റവും പഴയ മാർക്കറ്റുകളിൽ ഒന്നുമാണ്.
പൊലീസ് ബസാർ, ഷില്ലോങ്ങ്
മേഘാലയയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് ഏരിയയാണ് പൊലീസ് ബസാർ. ഷില്ലോങ്ങിലെ ഗോത്രവർഗ്ഗക്കാർ നിർമിച്ച മനോഹരമായ കരകൗശലവസ്തുക്കൾക്കായി നിങ്ങൾ തിരയുകയാണെങ്കിൽ, പൊലീസ് ബസാറാണ് നിങ്ങളുടെ ഏറ്റവും മികച്ച ചോയ്സ്. ഇവിടെ വിൽക്കുന്ന മിക്ക സാധനങ്ങളും ന്യായമായ വിലയിൽ ലഭിക്കും, പോക്കറ്റ് കാലിയാകാതെ അടിപൊളിയൊരു ഷോപ്പിങ് എക്സ്പീരിയൻസ് ഇവിടെ ആസ്വദിക്കാം.
ജോഹരി ബസാർ, ജയ്പൂർ
ജോഹരി ബസാറിൽ നിങ്ങൾക്ക് മനസിനെ ആകർഷിക്കുന്ന ഒരുപാട് സാധനങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ മിക്ക ഷോപ്പർമാരെയും ഇവിടേക്ക് ആകർഷിക്കുന്നത് രാജസ്ഥാന്റെ തനത് ആഭരണങ്ങളാണ്. രത്നങ്ങൾ, വജ്രം, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ജ്വല്ലറികളുടെ കേന്ദ്രം കൂടിയാണിവിടം. പരമ്പരാഗത രാജസ്ഥാനി ആഭരണങ്ങളും കരകൗശല വസ്തുക്കളുമെല്ലാം അങ്ങേയറ്റം വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാം
ജ്യൂ സ്ട്രീറ്റ്, കൊച്ചി
കൊച്ചിയുടെ ജ്യൂ സ്ട്രീറ്റ് പൗരാണികവും ചരിത്രവുംഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ്. ശിൽപങ്ങളും പെയിന്റിംഗുകളും മറ്റും പോലെയുള്ള അപൂർവവും ആകർഷകവുമായ പുരാതന വസ്തുക്കൾ വിൽക്കുന്ന കടകളാൽ നിറഞ്ഞതാണ് ഈ സ്ട്രീറ്റ്. തെരുവിലേയ്ക്കു പ്രവേശിക്കുമ്പോൾ ഏലം, ഗ്രാമ്പൂ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ സുഗന്ധം നിങ്ങളെ സ്വാഗതം ചെയ്യും. മാർക്കറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന നിരവധി കടകളുണ്ട്.
ബീഗം ബസാർ, ഹൈദരാബാദ്
ലോകപ്രശസ്തമായ ചാർമിനാറിൽനിന്ന് മുസി നദിക്ക് അക്കരെയാണ് ബീഗം ബസാർ. ഹൈദരാബാദിലെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണി. നൂറ്റാണ്ടുകൾക്കു മുൻപ് കുത്തബ് ഷാഹി രാജവംശത്തിന്റെ കാലത്താണ് ഈ സ്ട്രീറ്റ് തുടങ്ങുന്നത്. സ്വർണം, വെള്ളി ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, പാത്രങ്ങൾ, മതപരമായ വസ്തുക്കൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ അങ്ങനെ എല്ലാം മൊത്തവിലയ്ക്ക് ഇവിടെ ലഭ്യമാണ്. പ്രശസ്തമായ ഹൈദരാബാദി ബിരിയാണി അടക്കം പലതരം വിഭവങ്ങൾ വിളമ്പുന്ന നിരവധി സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളും ഈ ബസാറിന്റെ പ്രത്യേകതയാണ്.
കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ബെംഗളൂരു
ബെംഗളൂരുവിലെ കൊമേഴ്‌സ്യൽ സ്ട്രീറ്റ് നഗരത്തിലെ ഏറ്റവും തിരക്കേറിയ റീട്ടെയിൽ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രോണിക്സ്, പാദരക്ഷകൾ എന്നിവയുടെ ഷോപ്പിംഗിന് പേരുകേട്ട മാർക്കറ്റാണ്. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ വിൽക്കുന്ന കച്ചവടക്കാരും തെരുവിലുണ്ട്. നൈറ്റ് ലൈഫിന് പേരുകേട്ട കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ധാരാളം ബാറുകളും നൈറ്റ്ക്ലബ്ബുകളും പ്രവർത്തിക്കുന്നു.
Story Highlights : Cheapest Markets in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here