Advertisement

‘ഞാന്‍ മരിച്ചാല്‍ നിങ്ങളാരും കരയരുത്’ : ഗസയില്‍ കൊല്ലപ്പെട്ട പത്തുവയസ്സുകാരിയുടെ വില്‍പത്രം ചര്‍ച്ചയാവുന്നു

October 5, 2024
Google News 3 minutes Read
Heartbreaking Will of a Dead 10-Year-Old Gaza Girl

‘ഇസ്രായേല്‍ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെട്ടാല്‍ നിങ്ങളാരും വിലപിക്കരുത്. നിങ്ങള്‍ കരഞ്ഞാല്‍ എന്റെ ആത്മാവ് വേദനിക്കും. എന്റെ പോക്കറ്റ് മണി സഹോദരന്‍ അഹ്‌മദിനും അടുത്ത ബന്ധു റഹാഫിനും വീതിച്ചു നല്‍കണം. കളിപ്പാട്ടങ്ങള്‍ മറ്റൊരു ബന്ധുവായ ബത്തൂലിന് കൊടുക്കണം. അവസാനമായി ഒന്നുകൂടി, അഹമ്മദിനെ ഒരിക്കലും ശകാരിക്കരുത്. എന്റെ ആഗ്രഹം നിങ്ങള്‍ നടപ്പാക്കുകയും വേണം’.ഗസ്സയില്‍ കൊല്ലപ്പെട്ട പത്ത് വയസ്സുള്ള ബാലിക റഷ അല്‍ അരീര്‍ സ്വന്തം കൈപ്പടയില്‍ തയാറാക്കിയ വില്‍പത്രത്തിലാണ് ഇങ്ങനെയൊരു ഒസ്യത്തുള്ളത്. (Heartbreaking Will of a Dead 10-Year-Old Gaza Girl)

ഗസ്സയില്‍ കൊല്ലപ്പെട്ട നിരവധി കുട്ടികളുടെ ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രമാണ് ഈ കയ്യക്ഷരങ്ങളില്‍ തെളിയുന്നത്. സെപ്റ്റംബര്‍ 30ന് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് റഷയും സഹോദരന്‍ അഹ്‌മദും കൊല്ലപ്പെട്ടത്.അവരുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് വില്‍പത്രം കണ്ടെത്തിയത്.

Read Also: എഡിജിപി അജിത് കുമാറിന് കുരുക്കാകുക ആര്‍എസ്എസ് കൂടിക്കാഴ്ച? നടപടി സ്ഥാനചലനത്തില്‍ ഒതുങ്ങിയേക്കില്ല

മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരാണ് റഷയും സഹോദരനും. അന്ന് തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ അവള്‍ തന്റെ വില്‍പത്രം ബാക്കിയാക്കി വിധിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

2023 ഒക്ടോബറില്‍ ഇസ്രായേല്‍ ആരംഭിച്ച വംശഹത്യയില്‍ കൊല്ലപ്പെട്ട 17,000ത്തോളം കുട്ടികളില്‍ റഷയും അഹ് മദും ഉള്‍പ്പെടും. പതിനായിരക്കണക്കിന് കുട്ടികളാണ് ഗസ്സയില്‍ അനാഥരായി മാറിയത്. 25,973 ഫലസ്തീന്‍ കുട്ടികളാണ് മാതാവോ പിതാവോ അല്ലെങ്കില്‍ രണ്ടുപേരും കൊല്ലപ്പെട്ട് അനാഥരായി കഴിയുന്നത്. ഗസ്സയിലെ കുഞ്ഞുങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഭീകരതയാണ് അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ചില്‍ഡ്രന്‍സ് ഫണ്ടായ യുനിസെഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങള്‍ക്ക് ശേഷം ഒരു ദിവസം പോലും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ ഗസ്സയിലുണ്ട്. സാധാരണ കുട്ടികളുടേത് പോലെ ജീവിക്കാന്‍ കഴിയാത്തവരാണ് ഗസ്സയിലുള്ളതെന്ന് യുനിസെഫ് വക്താവ് ജൊനാഥന്‍ ക്രിക്‌സ് പറയുന്നു. അവര്‍ക്ക് പഠിക്കാനും കളിക്കാനും സന്തോഷിക്കാനും സാധിക്കുന്നില്ല. കുട്ടികളുടെ മുഖങ്ങളെല്ലാം സങ്കടം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ക്രിക്‌സ് പറയുന്നു.

ഗസ്സയില്‍ നിലവില്‍ ഒരു സ്‌കൂള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. ആക്രമണത്തില്‍ 85 ശതമാനം സ്‌കൂള്‍ കെട്ടിടങ്ങളും തകര്‍ന്നു. കുട്ടികള്‍ക്കിടയില്‍ പല മാരക രോഗങ്ങളും പടരുന്നുണ്ട്. എന്നാല്‍, ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യമെന്നും ക്രിക്‌സ് പറയുന്നു.

Story Highlights : Heartbreaking Will of a Dead 10-Year-Old Gaza Girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here