തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ പാചകവാതകം ചോർന്ന് പൊട്ടിത്തെറി; മേൽശാന്തി മരിച്ചു
തിരുവനന്തപുരം കിളിമാനൂരിലെ ക്ഷേത്രത്തിൽ പാചകവാതകം ചോർന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഈ മാസം മൂന്നാം തീയതിയാണ് അപകടം സംഭവിച്ചത്. നിവേദ്യം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. നിവേദ്യം പാകം ചെയ്യാൻ വെച്ച ശേഷം മേൽശാന്തി തിടപ്പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു. കുറച്ച് കഴിഞ്ഞ് തിരിച്ച് കയറുന്നതിനിടെയാണ് പാചകവാതകം ചോർന്ന് പൊട്ടിത്തെറിയുണ്ടായത്. തിരികെ കയറുമ്പോൾ മേൽശാന്തിയുടെ കൈയിൽ വിളക്കുണ്ടായിരുന്നു. ഇതുമായി തിടപ്പള്ളിയിലേക്ക് കയറുന്നതിനിടെയാണ് തീപടർന്ന് പൊട്ടിത്തെറിച്ചത്.
തിടപ്പള്ളിയിൽ ഗ്യാസ് ഉപയോഗിച്ചായിരുന്നു പാകം ചെയ്തിരുന്നത്. വാതക ചോർച്ച മേൽശാന്തിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗ്യാസിന്റെ മണം വരുന്നതായി ക്ഷേത്രത്തിൽ ആ സമയം ഉണ്ടായിരുന്നവർ മേൽശാന്തിയെ അറിയിക്കുകയായിരുന്നു. ഇത് പരിശോധിക്കാനാണ് മേൽശാന്തി തിടപ്പള്ളിയിലേക്ക് പോയത്. തുടർന്നാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ മേൽശാന്തിക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ രാത്രിയോടുകൂടിയാണ് മേൽശാന്തിയുടെ മരണം സംഭവിക്കുന്നത്.
Story Highlights : Melsanthi died after gas leak explode in Thiruvananthapuram Kilimanoor Puthiyakavu Bhagavathy temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here