Advertisement

‘ഒന്നും തന്നെ മറയ്ക്കാനില്ല’; മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

October 13, 2024
Google News 3 minutes Read
cm Pinarayi vijayan replay to governor in gold smuggling row

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശത്തിലുള്‍പ്പെടെ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ കത്ത്. തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ വൈകിയെന്ന ഗവര്‍ണറുടെ ആരോപണം മുഖ്യമന്ത്രി പൂര്‍ണമായും തള്ളി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നത് ഓര്‍മ്മപ്പെടുത്തിയാണ് മുഖ്യമന്ത്രി കത്തയച്ചത്. (cm Pinarayi vijayan replay to governor in gold smuggling row)

സ്വര്‍ണ്ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യം എന്നാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. താന്‍ ഉദ്ദേശിക്കാത്ത കാര്യം പറഞ്ഞാല്‍ സംശയത്തിലാവുക അവരുടെ ആത്മാര്‍ത്ഥതയാകും. സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ല. സ്വര്‍ണ്ണക്കടത്തിലും ഹവാല ഇടപാടിലും പൊലീസ് സ്വീകരിച്ച നടപടികള്‍ ഒക്കെ സുതാര്യമാണ്. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഹിന്ദി പത്രം തിരുത്തിയിട്ടും ഗവര്‍ണര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

സര്‍ക്കാരിന് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിശ്വാസ്യതയുടെ കാര്യത്തില്‍ തനിക്കോ സര്‍ക്കാരിനോ യാതൊരു കുറവുമില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അതേസമയം മുഖ്യമന്ത്രി തന്ന കത്ത് പരസ്പര വിരുദ്ധമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സ്വീകരിച്ച നിലപാട്. സ്വര്‍ണം കടത്തിയതിലൂടെ നേടിയ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് പറഞ്ഞില്ലെന്ന് വാദിക്കുമ്പോഴും കത്തിലെ രണ്ടാം പേജില്‍ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. 27 ദിവസങ്ങളാണ് സര്‍ക്കാര്‍ രാജ്ഭവന്റെ കത്ത് ഗൗനിക്കാതിരുന്നത്. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അത് രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ കടമയല്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

Read Also: സ്വര്‍ണക്കടത്ത് ദേശവിരുദ്ധമെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉത്തരം നല്‍കുന്നതുവരെ ചോദ്യം തുടരാന്‍ ഗവര്‍ണര്‍; വിഷയത്തില്‍ രാഷ്ട്രപതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ രാജ്ഭവനെ അറിയിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. താന്‍ വിളിപ്പിച്ചിട്ടും എത്താത്ത ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജഭവനിലേക്ക് കടക്കുന്നത് ഗവര്‍ണര്‍ വിലക്കിയിരുന്നു.

Story Highlights : cm Pinarayi vijayan replay to governor in gold smuggling row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here