‘വിഡി സതീശന്‍ നടത്തുന്നത് വാസവ ദത്തയുടെ ചാരിത്ര്യ പ്രസംഗം’: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവിന് ബിജെപി വിമര്‍ശനം

മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. കേസില്‍ യുഡിഎഫ് നേതാക്കള്‍ കൂട്ടുപ്രതികള്‍ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ എല്ലാം ഈ കേസില്‍ പ്രതികളാണെന്നും വിഡി സതീശന്‍ നടത്തുന്നത് അമേദ്യ ജല്‍പ്പനമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് സിപിഐഎമ്മുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് വി മുരളീധരനും ചൂണ്ടിക്കാട്ടി.
എവിടെയാണ് പ്രതിപക്ഷ നേതാവ് പറയുന്ന ഡീല്‍ എന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ കേസിലും BJP – CPIM ഡീല്‍ എന്ന് ആരോപിക്കുകയാണ്. കോടതി വ്യവഹാരം കാരണമാണ് ഈ കേസില്‍ കാലതാമസം ഉണ്ടായത്. ഈ കേസിന്റെ ഒരു ഘട്ടത്തിലും രാഷ്ടീയ ഇടപെടല്‍ ഉണ്ടായിട്ടില്ല – സുരേന്ദ്രന്‍ വ്യക്തമാക്കി. പുറത്ത് വരാനുള്ള പേരുകളില്‍ ബിജെപി ഉണ്ടാകില്ലെന്നും വിഡി സതീശന്‍ നടത്തുന്നത് വാസവ ദത്തയുടെ ചാരിത്ര്യ പ്രസംഗമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശിച്ചു.
കേസ് മുന്നോട്ടു കൊണ്ടുപോകുന്നത് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആണെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഒരു നേതാവും നിയമപരമായ ഒരു കാര്യവും ചെയ്തിട്ടില്ല. സോളാര്‍ സമരം സിപിഎമ്മുമായി ഒത്തുതീര്‍പ്പ് നടത്തിയിട്ടുള്ള കോണ്‍ഗ്രസിന് ഏത് സമരം കണ്ടാലും അങ്ങനെ തോന്നും. കല്‍ക്കരി പാടം തുണ്ട് കടലാസില്‍ എഴുതി കൊടുത്ത കോണ്‍ഗ്രസ് ഭരണമല്ല ഇപ്പോള്‍. കേന്ദ്ര ഏജന്‍സികളുടെ ഒരു അന്വേഷണവും അവസാനിപ്പിച്ചിട്ടില്ല – വി മുരളീധരന്‍ വ്യക്തമാക്കി. നിര്‍ത്തിയ അന്വേഷണം വീണ്ടും തുടങ്ങിയതാണോ എന്ന് പ്രതിപക്ഷ നേതാവിനോട് മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു.
Story Highlights : Kerala BJP leaders criticizes Congress in Masappadi case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here