‘യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ആവശ്യപ്പെട്ടിരുന്നു, നടത്തിയത് കളക്ടര്‍’ ; അന്വേഷണം വേണമെന്ന് പത്തനംതിട്ട സിപിഐഎം

കണ്ണൂര്‍ കലക്ടര്‍ക്കെതിരെ പത്തനംതിട്ട സിപിഐഎം. യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടുവെന്നും ചടങ്ങ് നടത്തിയത് ജില്ലാ കലക്ടര്‍ ആണെന്നുമാണ് വെളിപ്പെടുത്തല്‍. രാവിലെ നടത്തേണ്ട പരിപാടി വൈകീട്ട് ആക്കിയത് ദിവ്യക്ക് വേണ്ടിയെന്ന സംശയവും ഉയരുന്നുണ്ട്. കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ 24 നോട് പറഞ്ഞു.
പിപി ദിവ്യ രാജി വെക്കണമെന്നത് മാത്രമായിരുന്നില്ല തങ്ങളുടെ ആവശ്യമെന്ന് മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.ദിവ്യ രാജിവെക്കാന്‍ ഇടയായ സാഹചര്യം എന്ത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി, അതില്‍ ആരൊക്കെ കുറ്റക്കാരായിട്ടുണ്ടോ അവരെയൊക്കെ ശിക്ഷിക്കണം എന്നാണ് ആവശ്യം. നവീന്‍ തനിക്ക് യാത്രയയപ്പ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു എന്നാണ് അറിയുന്നത്. കണ്ണൂര്‍ കളക്ടര്‍ അദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കാതെ തന്നെ യാത്രയയപ്പ് ഒരുക്കുകയായിരുന്നു. രാവിലെ നടത്തേണ്ട പരിപാടി ഉച്ചതിരിഞ്ഞ് ആക്കി. ഇങ്ങനെ സമയം, മാറ്റിയതിന് പിന്നില്‍ കളക്ടര്‍ക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് ഇപ്പോള്‍ സംശയിക്കപ്പെടുന്നുണ്ട്. ദിവ്യയെ കളക്ടര്‍ വിളിച്ചു വരുത്തി എന്നാണ് മനസിലാക്കുന്നത്. ഇതില്‍ നിഗൂഢതയുണ്ട് – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി പി ദിവ്യയെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. കെ കെ രത്‌നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. പിപി ദിവ്യയെ നീക്കുന്നതില്‍ നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസെടുത്ത പശ്ചാത്തലത്തില്‍ ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഉതോടെയാണ് ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തില്‍ നിന്ന് കണ്ണൂര്‍ നേതൃത്വം പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്.
നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് നടപടി.
Story Highlights : CPIM Pathanamthitta demands an inquiry against Kannur district collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here