ഒരുക്കം തകൃതി; ഒളിമ്പിക് മാതൃകയില്‍ മാസ് ആകും സംസ്ഥാന സ്‌കൂള്‍ കായികമേള

രാജ്യത്ത് ആദ്യമായി ഒളിമ്പിക് മാതൃകയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 24000-ത്തിലധികം കായിക താരങ്ങള്‍ 39 കായിക ഇനങ്ങളിലായി പങ്കെടുക്കുന്ന സ്‌കൂള്‍ കായികമേളക്ക് കൊടി ഉയരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഗ്രൗണ്ടുകളിലെ ട്രാക്കും ഫീല്‍ഡും ഒരുക്കുന്ന ജോലികളാണ് തകൃതിയായി നടക്കുന്നത്. പ്രധാന വേദിയായ എറണാംകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ഗ്രൗണ്ടിലാണ് അത്‌ലറ്റിക് മത്സരങ്ങള്‍ നടക്കുക. സിന്തറ്റിക് ട്രാക്കിന്റെ പുതുക്കി പണിയല്‍ പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഇതിന് പുറമെ ട്രാക്ക് മാര്‍ക്കിങ്, നമ്പര്‍ ഇടല്‍ എന്നിവ ചെയ്യാന്‍ ഉണ്ട്. നാല് ദിവസം കൊണ്ട് സിന്തറ്റിക് ട്രാക്കിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഗ്രേറ്റ് സ്‌പോര്‍ട്‌സ് എന്ന കമ്പനിയുടെ മുപ്പത് തൊഴിലാളികളാണ് സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ പതിനേഴ് വേദികളിലായി നവംബര്‍ നാല് മുതല്‍ നവംബര്‍ 11 വരെയാണ് മേള നടക്കുന്നത്. കേരള സിലബസ് പ്രകാരം ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്‌കൂളുകളില്‍ നിന്നുള്ള താരങ്ങളും മേളക്കെത്തും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി മൂന്ന് ഗെയിംസ് ഇനങ്ങളിലും 18 അത്ലറ്റിക് ഇനങ്ങളിലുമായി മത്സരമുണ്ടാകും. രാത്രി പത്ത് മണിവരെ മത്സരം നീളുമെന്നാണ് വിവരം. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാലിന് വൈകുന്നേരമാണ് ഔദ്യോഗിക ഉദ്ഘാടനം. മഹാരാജാസ് കോളേജ് മൈതാനത്തായിരിക്കും അത്ലറ്റിക് ഇനങ്ങള്‍ നടക്കുക. 11-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സമാപനസമ്മേളനവും ഇവിടെയായിരിക്കും. അതേ സമയം മൈതാനത്തെ മാലിന്യം വൃത്തിയാക്കുന്നതടക്കമുള്ള ജോലികള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും ഇവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം നീക്കം ചെയ്യാന്‍ ക്ലീന്‍കേരള കമ്പനിയുടെ സഹകരണം തേടാനും സംഘാടകര്‍ ആലോചിച്ചിട്ടുണ്ട്.
മറ്റു മത്സരങ്ങളും വേദികളും
പനമ്പിള്ളിനഗര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം
ഫുട്‌ബോള്‍
കടവന്ത്ര റീജനല്‍ സ്‌പോര്‍ട്‌സ് സെന്റര്‍
തയ്ക്വാന്‍ഡോ, ടെന്നിസ്, ടേബിള്‍ ടെന്നിസ്, കരാട്ടെ, കബഡി, ബാഡ്മിന്റന്‍, ജൂഡോ
ഫോര്‍ട്ട് കൊച്ചി വെളി മൈതാനം
ബേസ് ബോള്‍, ത്രോ ബോള്‍
ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട്
സോഫ്റ്റ് ബോള്‍, വടംവലി
കണ്ടെയ്‌നര്‍ റോഡ്
സൈക്ലിങ് മത്സരങ്ങള്‍
മഹാരാജാസ് മൈതാനം
അത്ലറ്റിക്‌സ്, ഭിന്നശേഷിക്കാര്‍ക്കുള്ള അത്ലറ്റിക്‌സ്, ഫുട്‌ബോള്‍
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് വൊക്കേഷനല്‍ എച്ച്എസ്എസ്
ബോള്‍ ബാഡ്മിന്റന്‍, വുഷു, വോളിബോള്‍
തേവര എസ്എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
ബാസ്‌കറ്റ്‌ബോള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ഹാന്‍ഡ്‌ബോള്‍
പുത്തന്‍കുരിശ് എംജിഎംഎച്ച്എസ്
ഹാന്‍ഡ് ബോള്‍
തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് എച്ച്എസ്എസ്
നെറ്റ്‌ബോള്‍
തോപ്പുംപടി രാജീവ്ഗാന്ധി സ്റ്റേഡിയം
ഖോഖൊ, ടെന്നിക്കോട്ട്
കടയിരിപ്പ് ജിഎച്ച്എസ്എസ്
ബോക്‌സിങ്
കുസാറ്റ്
പവര്‍ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ചെസ്
എറണാകുളം ടൗണ്‍ ഹാള്‍
ഫെന്‍സിങ്
കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ട്
ക്രിക്കറ്റ് (ബോയ്‌സ്)
തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ട്
ക്രിക്കറ്റ് (ഗേള്‍സ്)
കോതമംഗലം എംഎ കോളേജ്
സ്വിമ്മിങ്, വാട്ടര്‍ പോളോ, ഷൂട്ടിങ്
Story Highlights: Kerala School sports Ernamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here