ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു; വഴിമധ്യേ കൊടിവീശിയും കൂകിവിളിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്യുന്നതിനായി കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു. ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിക്കുന്നതിനിടെ വാഹനങ്ങള്‍ക്കുനേരെ വഴിമധ്യേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് കൊടികളേന്തിയെത്തിയ ചെറുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം. (P P Divya was brought to the crime branch office youth congress protest)
ദിവ്യ പൊലീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് കമ്മിഷണര്‍ വിശദീകരിച്ചിരുന്നു. കണ്ണപുരത്തുവച്ചാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലാകുന്നത്. കണ്ണപുരത്തേക്ക് ദിവ്യ ആസൂത്രിതമായി കണ്ണപുരത്തേക്ക് എത്തിയെന്നാണ് വിവരം. ദിവ്യയ്‌ക്കൊപ്പം ഡ്രൈവറുമുണ്ടായിരുന്നു. വഴിമധ്യേ പൊലീസ് തടയുകയായിരുന്നു. ദിവ്യ മുന്‍പ് തന്നെ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും കമ്മിഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. ദിവ്യ ഇന്ന് റെഗുലര്‍ ജാമ്യാപേക്ഷ കൂടി സമര്‍പ്പിച്ചേക്കാനാണ് സാധ്യത. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങല്‍. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് തന്നെ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
ദിവ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയത്. പിപി ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്ന് കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് കോടതി പറഞ്ഞു.
ദിവ്യയുടെ നടപടികള്‍ ആസൂത്രിതം എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ദിവ്യ സാക്ഷികളെ സ്വാധീനിച്ചേക്കാം. പ്രഥമദൃഷ്ട്യ ദിവ്യക്കെതിരെ ഗൗരവമുള്ള കേസ് നില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാന്‍ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് ഗൗരവമുള്ളതെന്ന് കോടതിയുടെ നിരീക്ഷണം. 38 പേജുള്ള വിധിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.
Story Highlights : P P Divya was brought to the crime branch office youth congress protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here