നാഥനായും പോരാളിയായും ഇരട്ടവേഷങ്ങള്‍ പകര്‍ന്നാടിയ ഇടയശ്രേഷ്ഠന്‍; ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ അസാധാരണ ജീവിതം
കഴിഞ്ഞ അമ്പത് വര്‍ഷമായി യാക്കോബായ സഭയുടെ ചരിത്രവും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്നതാണ്. ത്യാഗോജ്വലവും സംഭവബഹുലവുമായ അദ്ദേഹത്തിന്റെ ജീവിതം സഭാചരിത്രത്തിന്റെ തന്നെ ഭാഗമാണ്. നാഥനായും പോരാളിയായും ഇരട്ടവേഷങ്ങള്‍ തീവ്രമായി പകര്‍ന്നാടാന്‍ വിധിക്കപ്പെട്ട ജീവിതമായിരുന്നു യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടേത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവാലയങ്ങളും കൈവിട്ടു പോകുന്നതു കാണേണ്ടി വന്നയാള്‍. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ നൂറ്റാണ്ടിലെ വളര്‍ച്ചയുടെ പിന്നിലെ ദൈവനിയോഗമായിട്ടാണ് വിശ്വാസികള്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെ കണ്ടിരുന്നത്. (Life and struggles of Catholicos Baselios Thomas I )
ആത്മീയവഴിയിലൂടെ, സമചിത്തതയോടെ സഭയെ നയിച്ച ഇടയശ്രേഷ്ഠനായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ. വ്യവഹാരങ്ങളില്‍ തളര്‍ന്നുപോകാതെ, കെട്ടുറപ്പുള്ള ദൈവജന സമൂഹമായി സഭയെ നിലനിര്‍ത്താന്‍ ബാവയ്ക്കായി. 1929 ജൂലൈ 22-ന് പുത്തന്‍കുരിശ് വടയമ്പാട് ചെറുവിള്ളില്‍ മത്തായിയുടേയും കുഞ്ഞമ്മയുടേയും മകനായി ജനിച്ച കുഞ്ഞൂഞ്ഞ് ഒരുപാട് കഷ്ടതകള്‍ നേരിട്ട ബാല്യത്തിലൂടേയും കൗമാരത്തിലൂടെയും സഞ്ചരിച്ചാണ് യാക്കോബായ സഭയുടെ അമരക്കാരനായത്. 1958ല്‍ മഞ്ഞനിക്കര ദയറായില്‍ ഏലിയാസ് മാര്‍ യൂലിയോസില്‍ നിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. തോമസിനെ 1973 ഡിസംബര്‍ 8ന് ആണ് അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം മെത്രാന്‍സ്ഥാനത്തേക്കു തിരഞ്ഞെടുത്തത്. 74 ഫെബ്രുവരി 24നു ഡമാസ്‌കസില്‍ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബര്‍ 27നു നിയുക്ത കാതോലിക്കയായി. 2002ല്‍ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി. 17 വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2002 ജൂലൈ 26നു പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവായായി വാഴിച്ചു.
Read Also: യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു
1974 ഫെബ്രുവരി 24ന് അങ്കമാലി മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോള്‍ 3 മെത്രാന്‍മാരും ഏതാനും വൈദികരും മാത്രമുണ്ടായിരുന്ന സഭയെ 7 ലക്ഷം വിശ്വാസികളുടെ കൂട്ടമായി വളര്‍ത്തിയത് തോമസ് പ്രഥമന്‍ ബാവയായിരുന്നു. 20 ഭദ്രാസനങ്ങളും 30 മെത്രാപ്പൊലീത്തമാരും ആയിരത്തോളം വൈവദികരും ഇന്ന് ഈ സഭയിലുണ്ട്. സഭാ സംബന്ധിയായ നിരവധി കേസുകളില്‍ പ്രതിസ്ഥാനത്ത് പേര് രേഖപ്പെടുത്തിയപ്പോഴും മനോബലം കൈവിടാതെ വിശ്വാസി സമൂഹത്തെ ചേര്‍ത്തു നിര്‍ത്തിയ ബാവ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ വിട വാങ്ങലോടെ യാക്കോബായ സഭാ ചരിത്രത്തിലെ ഒരു അധ്യായമാണ് അവസാനിക്കുന്നത്.
Story Highlights : Life and struggles of Catholicos Baselios Thomas I
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here