അടിപതറി ഓഹരി വിപണികൾ : സൂചികകൾ താഴേക്ക് പതിക്കുന്നതിന് നിരവധി കാരണങ്ങൾ, ആശങ്കയിൽ നിക്ഷേപകർ
ഇന്ന് രാവിലെ മുതൽ ഓഹരി വിപണി കുത്തനെ താഴേക്ക് പതിയുന്ന കാഴ്ചയാണ് കാണുന്നത്. നിക്ഷേപകർ പണം നഷ്ടപ്പെടുന്ന വ്യാധിയിൽ നിൽക്കുമ്പോൾ അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചോദ്യം ഉയരുന്നത്. പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഇതിനു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിലൊന്ന് അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. അമേരിക്കയിൽ ആര് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഡൊണാൾഡ് ട്രംപും, കമലഹാരിസും തമ്മിൽ നേർക്കുനേർ ഇൻഞ്ചോടിഞ്ച് പോരാട്ടമാണ്. തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്ന ഏജൻസികൾ പോലും ആര് ജയിക്കുമെന്ന് കാര്യത്തിൽ ഉറപ്പിച്ച് ഒരു ഉത്തരം പറയുന്നില്ല. ഓഹരി വിപണിയെ ഇത് കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യൻ കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ പ്രകടനം നിലവിൽ നിക്ഷേപകർക്ക് അത്യാഹ്ലാദം നൽകുന്നതല്ല. ഇന്ത്യൻ കമ്പനികളിലെ വിദേശനിക്ഷേപം നിക്ഷേപകർ പിൻവലിക്കുന്നതും ഒരു പ്രധാന ഘടകമാണ്. റഷ്യ- യൂക്റൈൻ യുദ്ധം, ഇസ്രായേൽ – പലസ്തീൻ ലബനൻ – ഇറാൻ തുടങ്ങി വിവിധ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടൽ മൂലം ഇന്ധന വില വർദ്ധിച്ചതും, എണ്ണ ഉൽപാദന രാജ്യങ്ങൾ ഉത്പാദനം കൂട്ടാത്തതും ഇന്ത്യൻ രൂപയുടെ മൂല്യം ദിനംപ്രതി താഴേക്ക് പോകുന്നതും നിക്ഷേപകരെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കയ്യിലുള്ള ഓഹരികൾ വിറ്റഴിച്ച് തങ്ങളുടെ കീശ കാലി ആകാതെ നോക്കുകയാണ് നിക്ഷേപക സമൂഹം.
രാവിലെ വ്യാപാരത്തിൽ സെന്സെക്സ് ഇടിഞ്ഞത് ആയിരം പോയന്റിലേറെയാണ്. ബാങ്ക്, ഐടി ഓഹരികളാണ് കനത്ത തിരിച്ചടി നേരിട്ടത്. ഇന്ത്യൻ കമ്പനികളിലെ 1.13 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപം ഒക്ടോബറിൽ പിൻവലിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വൻ കുതിപ്പ് തുടർന്നിരുന്ന ഇന്ത്യൻ ഓഹരി സൂചകങ്ങൾ ഇതേതുടർന്ന് 8% ത്തോളം താഴേക്ക് പതിച്ചു. നിഫ്റ്റി ലിസ്റ്റ് ഓഹരികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ പ്രകടനം നിരാശജനകമാണ്. പല കമ്പനികളുടെയും ഏർണിങ് 10% ത്തോളം താഴേക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിപിസിഎൽ, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, എൻടിപിസി, കോൾ ഇന്ത്യ, മാരുതി സുസുക്കി, നെസ്‌ലെ ഇന്ത്യ, റിലയൻസസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ ഓഹരികളുടെയെല്ലാം പ്രകടനം പിന്നോട്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Story Highlights : Stock Market Crash Today: Sensex and Nifty crashed amid broad-based selling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here