സിപിഐഎം പത്തനംതിട്ട എഫ്ബി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ; ഉടന്‍ തന്നെ ദൃശ്യങ്ങള്‍ നീക്കി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. 63000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് രാഹുലിന്റെ പ്രചാരണ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവം ചര്‍ച്ചയായതോടെ രാത്രി തന്നെ ദൃശ്യങ്ങള്‍ പേജില്‍ നിന്ന് ഒഴിവാക്കി. (Campaign video of Rahul Mamkoottathil on CPIM Pathanamthitta FB page)
രാഹുലിന്റെ വിഡിയോ വന്നത് തങ്ങളുടെ ഔദ്യോഗിക പേജിലല്ലെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. ഇത് സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് എന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു.
സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ അക്കൗണ്ടെങ്കില്‍ ഉടന്‍ തന്നെ വിഡിയോ നീക്കം ചെയ്തത് ആരെന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്. വ്യാജ പേജിനെതിരെ സിപിഐഎം നിയമ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. സിപിഐഎമ്മിന്റെ ഒഫിഷ്യല്‍ പേജെന്നാണ് ഇതിന്റെ ഡിസ്‌ക്രിപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നത്. പേജിന് 45 K ലൈക്കാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതുമായ വിഡിയോയാണ് ഈ പേജിലെത്തിയത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ വിഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ ഷെയര്‍ ചെയ്തതുമാണ്.
Story Highlights : Campaign video of Rahul Mamkoottathil on CPIM Pathanamthitta FB page
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here