‘സഞ്ജു തുടങ്ങിയിട്ടേയുള്ളു, ഞാനാകെ ചെയ്തത് ശരിയായ ബാറ്റിംഗ് പൊസിഷന്‍ കൊടുക്കുക മാത്രം’: ഗൗതം ഗംഭീർ
സഞ്ജുവിനെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ള പരിശീലകന്മാരിൽ ഒരാൾ ആണ് ഗൗതം ഗംഭീർ. ബംഗ്ലാദേശ് പര്യടനത്തിൽ സഞ്ജുവിനെ ഓപ്പണിംഗിൽ പരീക്ഷിക്കാൻ തയ്യാറായത് ഗംഭീർ ആയിരുന്നു. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും തുടര്‍ച്ചയായ രണ്ട് ടി20 സെഞ്ചുറികള്‍ നേടിയ സഞ്ജു സാംസൺ പുറത്തെടുത്ത മികവിന്‍റെ ക്രെഡിറ്റ് തനിക്കല്ലെന്ന് ഗൗതം ഗംഭീര്‍ പറയുന്നു. ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗംഭീര്‍ സഞ്ജുവിന്‍റെ കാര്യത്തില്‍ താന്‍ പ്രത്യേകമായി ഒന്നും ചെയ്തില്ലെന്ന് തുറന്നു പറഞ്ഞത്.
ആത്യന്തികമായി ഇത് അവന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. അവന്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളു, ഇതൊന്നിന്‍റെയും അവസാനമല്ല, ഇതേ രീതിയില്‍ അവന്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സഞ്ജുവിന്‍റെ സമീപകാല പ്രകടനങ്ങളുടെ കാരണക്കാരന്‍ താങ്കളാണോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനായിരുന്നു ഗംഭീറിന്‍റെ മറുപടി. ഒരിക്കലുമല്ല, അക്കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. അത് അവന്‍റെ കഴിവാണ്. ഞാനാകെ ചെയ്തത് അവന് ശരിയായ ബാറ്റിംഗ് പൊസിഷന്‍ കൊടുക്കുക എന്നതും ആ സ്ഥാനത്ത് അവനെ പിന്തുണക്കുകയുമാണ്.
തന്നെ സംബന്ധിച്ചിടത്തോളം യുവതാരങ്ങള്‍ മികവ് കാട്ടുന്നത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ആരോഗ്യകരമായ ലക്ഷണമാണെന്നും ഗംഭീര്‍ വ്യക്തമാക്കി. ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ വലിയ സ്കോര്‍ നേടാനായല്ലെങ്കിലും ഹൈദരാബാദില്‍ നടന്ന മൂന്നാം മത്സരത്തില്‍ സെഞ്ചുറിയുമായി സഞ്ജു ടീം മാനേജ്മെന്‍റ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ കളിയിലും സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു.
Story Highlights : Gutham Gambir Praises Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here