ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി; വോട്ടെടുപ്പിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ആണെങ്കിലും സംഭവബഹുലമായിരുന്നു ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ വോട്ടെടുപ്പ്. കള്ളവോട്ട് രേഖപ്പെടുത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസും വിമത വിഭാഗത്തെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി. ഇത് പല ഘട്ടത്തിലും വാക്കേറ്റത്തിലും കയ്യങ്കളിയിലും എത്തി.
സിപിഐഎം പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ പൊലീസിന്റെ ലാത്തിവീശലിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സിപിഐ എം – കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്ന് ബിജെ പിയും ആരോപിച്ചു. വേട്ടർമാരിൽ പലരും കള്ളവോട് മൂലം വോട്ട് ചെയ്യാനാകാതെ മടങ്ങി.
36,000 ത്തോളം വോട്ടർമാരുള്ള ബാങ്കിൽ 8500 ഓളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നാലരയോടെ വോട്ടെണ്ണൽ ആരംഭിച്ചു. രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കിൽ ഡിസിസിയുമുള്ള ഭിന്നതയെ തുടർന്നാണ് നിലവിലെ ഭരണ സമിതി വിമതരായി മത്സരിക്കാൻ തീരുമാനിച്ചത്.
അതേസമയം, ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലെന്ന് ഡിസിസി പ്രസിഡന്റ്റ് അഡ്വ കെ പ്രവീൺ കുമാർ വ്യക്തമാക്കി.
ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയില്ലാത്ത അക്രമങ്ങളാണ് അരങ്ങേറിയതെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. അക്രമങ്ങൾക്ക് നേത്യത്വം നൽകിയത് സിപിഐഎം ആണ്, പത്ത് ജീപ്പുകളാണ് പ്രവർത്തകർ തകർത്തത്. കോൺഗ്രസ് പ്രവർത്തകർ ക്രൂര മർദ്ദനത്തിന് ഇരയായി. സിപിഐഎം 5000 കള്ളവോട്ടുകൾ ചെയ്തു.അർഹരായ വോട്ടർമാരെ തടഞ്ഞുവെച്ച്
അക്രമത്തിലൂടെ ബാങ്ക് ഭരണം പിടിച്ചെടുക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും രാഘവൻ എം പി കൂട്ടിച്ചേർത്തു.
Story Highlights : Chevayur Cooperative Bank Election Completed; Kozhikode Congress strike tomorrow in protest against the conflict in the polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here