മഹാരാഷ്ട്ര ഇന്ന് പോളിങ് ബൂത്തിലേക്ക്; 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് ഒറ്റഘട്ടമായി നടക്കും

മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് ഒറ്റഘട്ടമായി നടക്കും. എന്‍സിപിയിലും ശിവസേനയിലുമുണ്ടായ പിളര്‍പ്പുകള്‍, പ്രകാശ് താക്കറെയും അസദുദ്ദീന്‍ ഒവൈസിയും രാജ് താക്കറെയും എത്രത്തോളം വോട്ട് പിടിക്കും ഇതെല്ലാം ഈ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കി .
മഹാരാഷ്ട്ര ആരു ഭരിക്കും എന്ന് തീരുമാനിക്കുക ആറ് മേഖലകളിലെ ഫലങ്ങളാണ്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം സീറ്റുകള്‍. 70 എണ്ണം. ഇതില്‍ 20 മണ്ഡലങ്ങളില്‍ ശരദ് പവാറിന്റെ എന്‍ സി പിയും അജിത് പവാറിന്റെ എന്‍ സി പിയും നേരിട്ട് ഏറ്റുമുട്ടുന്നു. മഹാവികാസ് അഘാഡി സഖ്യത്തിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നേരിയ മുന്‍തൂക്കമുണ്ടായിരുന്നു.
വിദര്‍ഭയില്‍ 62 സീറ്റുകളുണ്ട്. കര്‍ഷകരാണ് വിധി നിര്‍ണയിക്കുക. ഇവിടത്തെ ഏഴ് ലോക്സഭാ സീറ്റുകളില്‍ അഞ്ചും നേടിയത് കോണ്‍ഗ്രസായിരുന്നു. കൊങ്കണ്‍ ആണ് മറ്റൊരു മേഖല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടത്തെ ആറു സീറ്റില്‍ അഞ്ചും നേടിയത് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം. 39 സീറ്റുകളാണ് നിയമസഭയിലേയ്ക്കുള്ളത്. ബിജെപിയെ കൊങ്കണ്‍ പിന്തുണച്ചേക്കും.
Read Also: പാലക്കാട് ഇന്ന് വിധിയെഴുതും; പോളിങ് രാവിലെ ഏഴു മുതൽ
മറാഠ് വാഡയില്‍ 46 മണ്ഡലങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകളില്‍ ഏഴും നേടിയത് മഹാവികാസ് അഘാഡി സഖ്യം. ഭരണകക്ഷിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളു. മുംബൈ മേഖലയില്‍ 36 സീറ്റുകളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ ഭരണകക്ഷിക്ക് നേടാനായത് രണ്ടെണ്ണം മാത്രം.
വടക്കന്‍ മഹാരാഷ്ട്രയില്‍ 35 നിയമസഭാ സീറ്റുകളുണ്ട്. 2018-ലെ കിസാന്‍ ലോങ് മാര്‍ച്ച് ഇവിടെ നിന്നാണ് ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ എട്ടെണ്ണം ബി ജെ പിയ്ക്കായിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 48 സീറ്റുകളില്‍ 30 ഉം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം നേടി. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105-ഉം ശിവസേനയ്ക്ക് 56-ഉം എന്‍ സി പിക്ക് 54- ഉം കോണ്‍ഗ്രസിന് 44-ഉം മറ്റുള്ളവര്‍ക്ക് 29 സീറ്റുകളും ലഭിച്ചു. ബി ജെ പി- ശിവസേന സഖ്യം ഉടക്കിപ്പിരിഞ്ഞതിനാല്‍ ശിവസേന- എന്‍ സി പി – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി. 2022-ല്‍ ശിവസേനയില്‍ നിന്നും ഏക്നാഥ് ഷിണ്ഡെ തെറ്റിപ്പിരിഞ്ഞ് ബി ജെ പിക്കൊപ്പം ചേര്‍ന്നു. ഏകനാഥ് ഷിണ്ഡെ മുഖ്യമന്ത്രിയായി. എന്‍ സി പിയും രണ്ടായി പിരിഞ്ഞ്, അജിത് പവാര്‍ വിഭാഗം ബി ജെ പിക്കൊപ്പം ചേര്‍ന്നു. പ്രവചനാധീതമാണ് മഹാരാഷ്ട്ര.
Story Highlights : Assembly elections: Voting in Maharashtra today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here