ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി; വീണ്ടും അന്വേഷണം നടത്താൻ നിർദേശം
ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി. വീണ്ടും അന്വേഷണം നടത്താൻ കോട്ടയം എസ്.പിക്ക് നിർദേശം നൽകി. എഡിജിപി മനോജ് എബ്രഹാം ആണ് നിർദേശം നൽകിയത്. മൊഴികളിൽ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോർട്ട് മടക്കിയത്.
കോട്ടയം എസ്.പി ഷാഹുൽ ഹമീദ് ആണ് റിപ്പോർട്ട് കൈമാറിയത്. രവി ഡിസിയുടെയും ഡിസി ബുക്സ് ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചിരുന്നത്. പുസ്തക വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്.
ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്തകൾ തള്ളി ഡിസി ബുക്സ് രംഗത്തെത്തിയിരുന്നു. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണ്. വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് നടപടിക്രമങ്ങൾ പാലിച്ചാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി സി വ്യക്തമാക്കി. ജയരാജന്റെ പുസ്തക വിവാദത്തിൽ മൊഴി നൽകിയ ശേഷമാണ് ഡിസിയുടെ വിശദീകരണം.
ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും ഇ.പി ജയരാജന്‍ തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുൾപ്പെടെയുള്ള സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
Story Highlights : Preliminary investigation report related to EP Jayarajan’s autobiography controversy has been returned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here