SDPI പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ്; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പങ്കെടുത്തത് വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സെമിനാറില്‍
മുസ്ലിം ലീഗ് നേതാവ് എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദം. കോഴിക്കോട് -വടകരയില്‍ എസ്ഡിപിഐ സംഘടിപ്പിച്ച സെമിനാറിലാണ് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഇബ്രാഹിം പങ്കെടുത്തത്. വിഷയത്തില്‍ ലീഗ് നേതൃത്വം ഉചിതമായ തീരുമാനമെക്കുമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.
വടകരയില്‍ എസ്ഡിപിഐ സംഘടിപ്പിച്ച വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ പ്രത്യേക ക്ഷണിതാവായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഇബ്രാഹിം. പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതോടെ വഖഫ് മദ്രസ സംരക്ഷണ സമിതി എന്ന പേരിലാണ് തന്നെ ക്ഷണിച്ചതെന്നും അതിനാലാണ് പങ്കെടുത്തത് എന്നുമാണ് ഇബ്രാഹിമിന്റെ വിശദീകരണം. വിഷയത്തില്‍ ലീഗ് നേതൃത്വം തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പരിപാടിയില്‍ ഒരു കോണ്‍ഗ്രസുകാരും പങ്കെടുത്തിട്ടില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പ് വേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മുസ്ലിം ലീഗിന്റെ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എസ്ഡിപിഐയുമായി ബന്ധമില്ല എന്നാണ് ലീഗ് നേതൃത്വം വിശദീകരിച്ചത്. എന്നാല്‍ എസ്ഡിപിഐയുമായി മുസ്ലിംലീഗ് കൂട്ടുകൂടുന്നതിന്റെ തെളിവുകള്‍ ആണ് പുറത്തുവന്നത്. സംഭവത്തില്‍ നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം തുടരുകയാണ്. വിഷയത്തില്‍, ലീഗ് നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Story Highlights : Muslim League leader at SDPI seminar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here