‘മറ്റൊരു പാര്‍ട്ടിക്കൊപ്പം പോകുമ്പോള്‍ മകനും നിരവധി സഖാക്കളും എനിക്കൊപ്പം ഉണ്ടാകും’; മധു മുല്ലശ്ശേരി

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്‌ക്കെതിരെ ആഞ്ഞടിച്ച് മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി. എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. അധികാരത്തിനായി മോഹിക്കുന്നയാളാണ് വി ജോയ് എന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തനിക്ക് കടുത്ത അമര്‍ഷമുണ്ടെന്ന് താന്‍ മുന്‍പുതന്നെ പാര്‍ട്ടിയെ ധരിപ്പിച്ചിരുന്നെന്നും മധു മുല്ലശ്ശേരി പറഞ്ഞു. ഏരിയ കമ്മിറ്റിയ്ക്ക് വിരുദ്ധമായ നിലപാടാണ് സദാ ജില്ലാ കമ്മിറ്റിയെടുക്കാറുള്ളത്. താന്‍ പാര്‍ട്ടി വിട്ടാല്‍ നിരവധി സഖാക്കളും തന്റെ മകനും തനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Madhu Mullassery against cpim leader V joy)
തനിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ മധു പൂര്‍ണമായി തള്ളി. ഇന്നലെ വരെ തനിക്കെതിരെ സാമ്പത്തിക ആരോപണമില്ലായിരുന്നല്ലോ. ഒന്നും പറയാനില്ലപ്പോള്‍ പറയുന്ന ആരോപണങ്ങള്‍ മാത്രമാണത്. താന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ മനോഹരമായ ഏരിയ കമ്മിറ്റി ഓഫിസുണ്ടാക്കാനായി. തന്റെ ഏരിയ കമ്മിറ്റിയില്‍ 27 ലക്ഷം രൂപ ബാലന്‍സാണ്. പിന്നെന്ത് സാമ്പത്തിക അഴിമതിയാണ് താന്‍ നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനാല്‍ മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കാനാണ് സാധ്യതയേറുന്നത്. മധു മുല്ലശേരിയെ പുറത്താക്കാന്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തു. മധു മുല്ലശ്ശേരിയ്‌ക്കെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മധുവിന്റെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെന്ന പരാമര്‍ശം മധു മുല്ലശേരി തന്നെ പരസ്യമായി നടത്തിയിരുന്നു.
Story Highlights : Madhu Mullassery against cpim leader V joy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here