വൈദ്യുതി ബോര്‍ഡിന് 267 കോടി ലാഭമുണ്ടായി, അതാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത്; ആരോപണവുമായി ഡിജോ കാപ്പന്‍
വൈദ്യുതി നിരക്ക് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ ദുരൂഹത ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍. വൈദ്യുതി ബോര്‍ഡിന് ലാഭമുണ്ടായിക്കാണുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അതിനാലാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നും ഡിജോ കാപ്പന്‍ ആരോപിച്ചു. 2022, 2023 കാലഘട്ടത്തില്‍ ബോര്‍ഡിന് 267 കോടി ലാഭമുണ്ടായെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് ഡിജോ ട്വന്റിഫോറിനോട് പറഞ്ഞു. ഈ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ഇപ്പോള്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത് എന്തിനാണെന്ന് ഉപഭോക്താക്കള്‍ ചോദിക്കും. കേന്ദ്രം പറഞ്ഞതുപ്രകാരം ആദ്യത്തെ വര്‍ഷം ബോര്‍ഡിന്റെ ബാധ്യത അടച്ചുതീര്‍ത്തെങ്കിലും 2023ല്‍ ബാധ്യത അടച്ചുതീര്‍ക്കേണ്ടി വരാത്തത് ബോര്‍ഡ് ലാഭത്തിലായതുകൊണ്ടാണെന്നും ഡിജോ കാപ്പന്‍ ചൂണ്ടിക്കാട്ടി. (dijo kappan on electricity charge hike)
2016ലും 2021ലും കെഎസ്ഇബി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നല്‍കിയത് സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണെന്ന് ഡിജോ കാപ്പന്‍ ആരോപിച്ചു. ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാനുള്ള 2000 കോടിയുടെ അധിക ബാധ്യത ഉള്‍പ്പെടെ പാവപ്പെട്ട ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയാണ്. പെന്‍ഷന്‍ ബാധ്യതയും ജനങ്ങളുടെ തലയില്‍ വരികയാണ്. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ ഇങ്ങനെയല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.
Read Also: കുറുവ സംഘം ഇലക്ട്രിസിറ്റി ബോര്‍ഡ്; നിരക്കുവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ രൂക്ഷ പരിഹാസം
വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്.
യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നത്.
Story Highlights : dijo kappan on electricity charge hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here