‘സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ്. പരാതി നൽകിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. പരാതി 17 വർഷം വൈകിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ എന്നും കോടതി വ്യക്തമാക്കി. അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബാലചന്ദ്രമേനോൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.
2007 ജനുവരിയിൽ ആയിരുന്നു സംഭവം. ഗൾഫിൽ ജോലി നോക്കിയിരുന്ന തന്നെ സിനിമയിൽ ചീഫ് സെക്രട്ടറിയുടെ വേഷം വാഗ്ദാനം ചെയ്താണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലിൽ മുറിയും ഏർപ്പാടാക്കി. എത്തിയ ദിവസം തന്നെ ബാലചന്ദ്രമേനോൻ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച ബാലചന്ദ്രമേനോൻ മറ്റൊരു പെൺകുട്ടിയെ നിർബന്ധിച്ചു വിവസ്ത്രയാക്കുന്നതാണ്. അപ്പോൾ തന്നെ അവിടം വിട്ടിറങ്ങിയെങ്കിലും പിറ്റേദിവസം രാത്രിയും ബാലചന്ദ്രമേനോൻ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെയുണ്ടായിരുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഒപ്പം സംഘം ചേർന്ന് ലൈംഗിക വീഴ്ചയ്ക്ക് നിർബന്ധിച്ചു. അതിനു വിസമ്മതിച്ച് സിനിമയിൽ അഭിനയിക്കാതെ തിരികെ പോകാൻ നിന്ന തന്നെ അനുനയിപ്പിച്ച് ചിത്രീകരണം നടത്തിയെന്നും എന്നാൽ പിന്നെയും ബാലചന്ദ്രമേനോനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നുമായിരുന്നു നടിയുടെ ആരോപണം. പുറത്തുപറഞ്ഞാൽ ചിത്രീകരിച്ച ഭാഗങ്ങൾ ഒഴിവാക്കുമെന്നും, വലിയ ഭവിഷത്തുകൾ നേരിടേണ്ടി വരുമെന്നും ബാലചന്ദ്രമേനോൻ ഭീഷണിപ്പെടുത്തിയിരുന്നതായും നടി പരാതിയിൽ പറയുന്നു.
Story Highlights : High Court grants anticipatory bail to Balachandra Menon in sexual assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here