നടൻ രാജേഷ് മാധവൻ വിവാഹിതനായി

നടൻ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും, അത് പ്രണയത്തിലേക്ക് മാറിയതും. ചിത്രത്തില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് രാജേഷ് അവതരിപ്പിച്ചിട്ടുള്ളത്. സിനിമയുടെ അസോസിയേറ്റ് ഡയരക്ടര്‍മാറില്‍ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്തി കാരാട്ട്. മറ്റ് മലയാളച്ചിത്രങ്ങളിലും ഹിന്ദി വെബ് സീരീസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി കാരാട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. കില്ലര്‍ സൂപ്പ്, ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ തുടങ്ങിയവയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപ്തി.കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവ്.
ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തിലൂടെ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട രാജേഷ്, പിന്നീട് ദിലീഷിന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ഉള്‍പ്പടെ കാസ്റ്റിങ് ഡയരക്ടരാണ് രാജേഷ്.
‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’’ എന്ന ചിത്രത്തിലൂടെ രാജേഷ് നായക വേഷവും ചെയ്തു.നിലവിൽ ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ‘ധീരൻ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജേഷ്.
Story Highlights :Actor Rajesh Madhavan got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here