‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം
സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിലും , ആത്മകഥാ വിവാദത്തിലും ഇ.പി.ജയരാജന് എതിരെ നടപടി വേണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ആത്മകഥ എഴുതുന്ന പരിപാടിയെന്നും പരിഹാസം. ഒന്നാം സർക്കാരിൻ്റെ നിഴലിലാണ് രണ്ടാം പിണറായി സർക്കാരെന്നും വിവാദങ്ങളിൽ മുഖ്യമന്ത്രി അപ്പപ്പോൾ പ്രതികരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് വന്നാൽ സ്വീകരക്കുമെന്നായിരുന്നു എ.കെ. ബാലൻ പറഞ്ഞത്. ഒരു വ്യക്തിയെന്ന നിലയില്‍ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ് വാര്യരെന്നായിരുന്നു എ.കെ ബാലന്റെ പുകഴ്ത്തൽ. സന്ദീപ് വാര്യർ തങ്ങളെ നല്ല രീതിയില്‍ വിമര്‍ശിക്കുന്നയാളാണ്. എങ്കിലും അദ്ദേഹത്തോട് ഒരു വെറുപ്പുമില്ലെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു. സന്ദീപ് ബി.ജെ.പി വിടുന്നുവെന്ന പ്രചാരണം ശക്തമായപ്പോഴായിരുന്നു പ്രതികരണവുമായി സി.പി.ഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ രംഗത്തുവന്നത്.
എന്നാൽ സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ എ കെ ബാലൻ നിലപാട് തിരുത്തി. സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു എ.കെ.ബാലന്റെ പ്രതികരണം. പാലക്കാട് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ആര്‍എസ്എസ്സിന്‍റെ കാലുപിടിച്ചു. തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശം. സന്ദീപ് ആര്‍എസ്എസ് നിലപാട് മാറ്റിയിട്ടില്ലെന്നും ആര്‍ എസ് എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യരെന്നും എ.കെ.ബാലന്‍ ആരോപിച്ചിരുന്നു.
Story Highlights : AK Balan criticized at CPIM Kollam district conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here