പന്ത്രണ്ടാം വയസിൽ ക്രിക്കറ്റ് പരിശീലനം; നജ്ലയ്ക്ക് പിന്നാലെ ജോഷിതയും ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ
ഡിസംബർ 15ന് മലേഷ്യയിൽ തുടങ്ങുന്ന പ്രഥമ അണ്ടർ 19 വനിതാ ട്വൻ്റി 20 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ വി.ജെ.ജോഷിത സ്ഥാനം നേടിയപ്പോൾ കഴിഞ്ഞ ദിവസം സമാപിച്ച ട്രയാങ്കുലർ സീരീസിൽ ഇന്ത്യൻ എ ടീമിനായി കാഴ്ചവച്ച മികച്ച പ്രകടനത്തിൻ്റെ അംഗീകാരമായി. ഒപ്പം സി.എം.സി. നജ്ലയ്ക്കു പിന്നാലെ ഒരു കേരള താരം കൂടി ഇന്ത്യൻ കൗമാര ടീമിൽ എത്തിയിരിക്കുന്നു എന്ന നേട്ടവും. ഇരുവരും വയനാട് കൃഷ്ണഗിരിയിലെ ക്രിക്കറ്റ് അക്കാദമിയിൽ ടി.ദീപ്തിയുടെ ശിക്ഷണത്തിൽ തുടക്കമിട്ടവർ എന്ന പ്രത്യേകതയും ഉണ്ട്.
മലപ്പുറംകാരിയായ നജ്ല കഴിഞ്ഞ വർഷം ഷെഫാലി വർമയുടെ നേതൃത്വത്തിൽ അണ്ടർ 19 ലോക കപ്പ് ജയിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായിരിന്നു. ഇപ്പോൾ ഇതാ ജോഷിതയും ആ വഴിക്കു നീങ്ങുന്നു. ഏഷ്യാ കപ്പ് കഴിഞ്ഞാൽ ജനുവരി 18 ന് വനിതകളുടെ അണ്ടർ 19 ട്വൻ്റി 20 ലോക കപ്പ് തുടങ്ങും.
കല്പറ്റ മൈതാനി ഗ്രാമത്തുവയൽ സ്വദേശിയാണ് ജോഷിത. വെല്ലച്ചിറ വി.ടി. ജോഷിയുടെയും എം.പി.ശ്രീജയുടെയും പുത്രി.കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുമ്പോഴും മകളുടെ ക്രിക്കറ്റ് പരിശീലനം മുടങ്ങാതിരിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ. അവരുടെ മാത്രമല്ല, കേരളത്തിൻ്റെയും പ്രതീക്ഷയാണ് ജോഷിത. ബെത്തേരി സെൻ്റ് മേരീസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
അണ്ടർ 19 കേരള ടീം നായികയായിരുന്ന ജോഷിത ദക്ഷിണാഫ്രിക്ക കൂടി ഉൾപ്പെട്ട ട്രയാങ്കുലർ സീരീസിൽ ഏഴു വിക്കറ്റ് വീഴ്ത്തി. 15 പന്തിൽ നേടിയ 27 റൺസും ശ്രദ്ധിക്കപ്പെട്ടു. പന്ത്രണ്ടാം വയസ്സിൽ ക്രിക്കറ്റ് പരിശീലനം തുടങ്ങിയതാണ് ഈ ഓൾറൗണ്ടർ. മീഡിയം പെയ്സ് ബൗളറും മധ്യനിര ബാറ്ററും.
ഇപ്പോൾ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപികയാണെങ്കിലും 2013 മുതൽ ഏറെക്കാലം കൃഷ്ണഗിരി അക്കാദമിയിൽ പരിശീലകയായിരുന്ന ദീപ്തിക്ക് ഇരട്ടി മധുരമായി അവിടെ വളർന്ന രണ്ടാമതൊരു താരം കൂടി ജൂനിയർ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച സംഭവം.സംസ്ഥാന അണ്ടർ 19 ടീമിലും കാലിക്കറ്റ് വാഴ്സിറ്റി ടീമിലും അംഗമായിരുന്നു ദീപ്തി. നജ്ലയ്ക്കു പിന്നാലെ ജോഷിതയും ലോക കപ്പ് ടീമിൽ സ്ഥാനം നേടട്ടെയെന്ന് ആശംസിക്കാം.
Story Highlights : VJ Joshitha named in Indian squad for U-19 Women’s Twenty20 Asia Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here