ചോദ്യപേപ്പര്‍ ചോര്‍ച്ച: നടപടി സംബന്ധിച്ച് തീരുമാനം നാളെ; വിദ്യാഭ്യാസ മന്ത്രി വിളിച്ച ഉന്നതതല യോഗം നാളെ വൈകിട്ട്

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി സംബന്ധിച്ച് തീരുമാനം നാളെ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച ഉന്നതതലയോഗം നാളെ വൈകിട്ട് അഞ്ചിന് ചേരും. അധ്യാപകരുടെ സ്വകാര്യ ട്യൂഷനില്‍ ഇതിനോടകം തന്നെ പരിശോധന തുടങ്ങി. മുന്‍കാലങ്ങളില്‍ ആരോപണം നേരിട്ടവരെ കേന്ദ്രീകരിച്ചാണ് പരിശോധന. വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടറിഞ്ഞ ശേഷമായിരിക്കും പൊലീസ് നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സാധ്യതയുണ്ട്.
ഏത് തരത്തിലുള്ള അന്വേഷണമായിരിക്കും വിഷയത്തില്‍ നടക്കാന്‍ പോവുക എന്നതില്‍ നാളെ അന്തിമ തീരുമാനമാകും. ഇതുമായി ബന്ധപ്പെട്ട് അധ്യാപകരുണ്ടെങ്കില്‍ അവര്‍ക്കെതിരായ കര്‍ശന നടപടിയെക്കുറിച്ചും നാളത്തെ യോഗം ചര്‍ച്ച ചെയ്യും. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച ഉടന്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ആ നിലയിലുള്ള അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.
ക്രിസ്മസ് പരീക്ഷാ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നിട്ടുള്ളത്. പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്ണിലെ ഗണിത പരീക്ഷയുടെയും ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. ഇത് കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ് സൊല്യൂഷന്റെ യുട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേ ദിവസം പ്രഡിക്ഷന്‍ എന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടത്. എം എസ് സൊലൂഷന്‍സിനെതിരെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഓണപ്പരീക്ഷ സമയത്ത് പരാതി ഉയര്‍ന്നിരുന്നു.കൊടുവള്ളി AEO പ്രാഥമിക അന്വേഷണം നടത്തി താമരശ്ശേരി DEO യ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്നും സംഭവം യാദൃശ്ചികം അല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഒപ്പം പോലീസ് അന്വേഷണം വേണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ശുപാര്‍ശയുമായി ഈ റിപ്പോര്‍ട്ട് DEO വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.എന്നാല്‍ ഇതില്‍ തുടര്‍നടപടി ഉണ്ടായില്ല.
എം എസ് സൊല്യൂഷന്‍സിനെതിരെ ക്രിസ്മസ് പരീക്ഷ ചോര്‍ച്ചയില്‍ വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് വിഷയം ഗൗരവത്തോടെ കണ്ടത്.പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണത്തിലേക്ക് കടന്നു.ചാനലില്‍ ഉള്ളത് സ്ത്രീത്വത്തെ അപമാനിക്കുന്ന ഉള്ളടക്കം എന്ന പരാതിയുമായി AIYF കൊടുവള്ളി പൊലിസില്‍ പരാതി നല്‍കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായാലും മുഖം നോക്കാതെ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പ്രത്യേകസംഘം അന്വേഷിക്കണമെന്ന് കെഎസ്യുവും ആവശ്യപ്പെട്ടു.
Story Highlights : Question paper leak: meeting called by education minister tomorrow evening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here