നടത്തം ആരോഗ്യത്തിന് നല്ലത്; വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

ദിവസേന നടക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ശരീരത്തെ ഫിറ്റാക്കാനും, ബിപി നിയന്ത്രണവിധേയമാക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉന്മേഷം നൽകാനും നടത്തം സഹായിക്കും. ഇപ്പോഴിതാ നടത്തം വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ജെ.എ.എം.എ നെറ്റ്വര്‍ക്ക് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടുതല്‍ ചുവടുകള്‍ വയ്ക്കുന്നത് വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍.
സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് കാസ്റ്റില്ലെ-ലാ മാഞ്ചാ എന്ന സ്ഥാപനത്തിലെ എസ്റ്റേല ജിമിനസ് ലോപസ് എന്നയാളുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 96,000 പേരില്‍ നടത്തിയ 33 പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചു.
നടത്തത്തിന്റെ ശീലങ്ങള്‍, ദിനംപ്രതിയുള്ള ചുവടുകള്‍ എന്നിവ പരിശോധിക്കുകയും അത് മാനസികാരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരീക്ഷിച്ചു.ദിവസേന 5000 ചുവടുകള്‍ നടക്കുന്നവരെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത, അധികമായി 1000 ചുവടുകള്‍ നടക്കുന്നവരില്‍ 9% കുറവാണെന്നും ദിവസേന 7000 ചുവടുകൾ വെക്കുന്നവരില്‍ ഇത് 31% കുറവാണെന്നും പഠനത്തില്‍ പറയുന്നു. 7500 ചുവടുകള്‍ വെക്കുന്നവരിലാകട്ടെ വിഷാദരോഗത്തിനുള്ള സാധ്യത 43% കുറവാണെന്നും കണ്ടെത്തലുണ്ട്. കൂടുതല്‍ നടക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെങ്കിലും ഇതിനും ഒരു പരിധിയുണ്ട്. ദിവസേന 10,000 ചുവടുകളാണ് ഇതിന്റെ പരിധിയായി ഗവേഷകര്‍ കണക്കാക്കുന്നത്.
Story Highlights : Study reveals walking reduces depression risk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here