ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍ സിഇഒയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും; ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ആരോപണവിധേയരായ എംഎസ് സൊല്യൂഷന്‍ സിഇഒയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും. വിവാദങ്ങള്‍ക്കിടെ കെമസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായി സിഇഒ ഷുഹൈബ് ഇന്നലെ യുട്യൂബ് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നത് എന്നാണ് എംഎസ് സൊലൂഷന്‍സിന്റെ വാദം. നാളെത്തെ എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബിന്റെ വിശദീകരണം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് ആരോപണവിധേയനായ അധ്യാപകന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകന്‍ പറഞ്ഞു.
Read Also: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം
ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തി യൂട്യൂബ് ലേണിംഗ് പ്ലാറ്റഫോമില്‍ ട്യൂഷന്‍ കൊടുത്ത കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. എംഎസ് സൊല്യൂഷന്‍ സ്ഥാപനത്തിനെതിരെ കേസെടുക്കുന്നതില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി. എസ്.എസ്.എല്‍.സി. ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.
എസ്എസ്എല്‍സി, പ്ലസ് വണ്‍ പരീക്ഷ ചോദ്യപേപ്പര്‍ യൂട്യൂബ് ചാനലില്‍ സംഭവത്തില്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകള്‍ ഉണ്ടായാല്‍ നിയമിക്കാന്‍ പി എസ് സി ലിസ്റ്റുകള്‍ തന്നെ നിലവില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Question paper leak; Crime Branch may question MS Solutions CEO today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here